സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്‌നയും സന്ദീപും സരിതും കള്ളപ്പണം വെളുപ്പിച്ചുവെന്ന് ഇ ഡി
കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവര്‍ക്കെതിരെയുള്ള ഭാഗിക കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം തടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഭാഗികമായ കുറ്റപത്രം സമര്‍പ്പിച്ചു.കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവര്‍ക്കെതിരെയുള്ള ഭാഗിക കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.മൂന്നു പ്രതികളും കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഇത് സംബന്ധിച്ച തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്ത് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് 303 പേജുള്ള കുറ്റപത്രത്തില്‍ ഉള്ളതെന്നാണ് വിവരം.നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നുപേരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും സരിത്തും നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ ഡി ആദ്യ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
അതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി ഇന്നലെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ രാത്രി 12 മണിക്കാണ് അവസാനിച്ചത്. സന്ദീപിന്റെ മൊഴി സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് ഗുണകരമാകുമെന്നാണ് അന്വേഷണസംഘങ്ങളുടെ പ്രതീക്ഷ. രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് സന്ദീപ് നായര്‍ നേരത്തെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിരുന്നു.കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയാറാണെന്നായിരുന്നു സന്ദീപ് അറിയിച്ചത്. തുടര്‍ന്ന് എന്‍ ഐ എ കോടതി അനുമതി നല്‍കുകയും ഇന്നലെ രഹസ്യമൊഴി നല്‍കുകയുമായിരുന്നു.