സ്വര്‍ണക്കടത്ത്: സന്ദീപിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ്; കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി

മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടുള്ള മൊഴിയുടെ പകര്‍പ്പ് കേസിന്റെ അന്വേഷണാവസ്ഥയില്‍ നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പു മൊഴി പകര്‍പ്പു നല്‍കുന്നതിനെ എതിര്‍ത്ത എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് പകര്‍പ്പ് അപേക്ഷ കോടതി നിരസിച്ചത്

Update: 2020-10-24 04:50 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ നാലാം പ്രതി പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പു കസ്റ്റംസിനു നല്‍കാനാവില്ലെന്നു കോടതി. മൊഴിപ്പകര്‍പ്പിനു വേണ്ടിയുള്ള കസ്റ്റംസിന്റെ അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി തള്ളി. മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടുള്ള മൊഴിയുടെ പകര്‍പ്പ് കേസിന്റെ അന്വേഷണാവസ്ഥയില്‍ നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പു മൊഴി പകര്‍പ്പു നല്‍കുന്നതിനെ എതിര്‍ത്ത എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് പകര്‍പ്പ് അപേക്ഷ കോടതി നിരസിച്ചത്.മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിട്ടുള്ള സന്ദീപിന്റെ രഹസ്യമൊഴികള്‍ ചോരാന്‍ ഇടവരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് എന്‍ഐഎ സ്വീകരിച്ചത്.

മൊഴികളിലെ വിവരം പുറത്തു വരുന്നതു സന്ദീപിന്റെ ജീവനുപോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും ബോധിപ്പിച്ചു.എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലാണു സന്ദീപ് കോടതി മുന്‍പാകെ രഹസ്യ മൊഴി നല്‍കിയത്.തുടര്‍ന്നാണ് ഈ മൊഴിപ്പകര്‍പ്പിനായി കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.കേസിലെ മുഖ്യപ്രതിയായ സന്ദീപിന്റെ രഹസ്യമൊഴികള്‍ ലഭിക്കുന്നതു സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണെന്നു ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത്. സന്ദീപിന്റെ രഹസ്യമൊഴികളുടെ പകര്‍പ്പിനായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും(ഇഡി) അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം കേസിലെ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നിവര്‍ക്ക് എന്‍ഐഎ കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചു.കേസില്‍ മുന്‍പു 10 പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News