സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു

രണ്ടാം ദിവസമായ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിണ്ടു നിന്നത് 10 മണിക്കൂര്‍.ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേയക്ക് മടങ്ങി.നിലവില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ് രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശിവശങ്കര്‍ നല്‍കിയ മൊഴികള്‍ എല്ലാം എന്‍ ഐ എ പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

Update: 2020-07-28 15:36 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എന്‍ ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു.രണ്ടാം ദിവസമായ ഇന്നത്തെ ചോദ്യം ചെയ്യല്‍ 10 മണിക്കൂറോളം നീണ്ടു നിന്നു.രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായി എന്‍ ശിവശങ്കറിനെ വിട്ടയച്ചത്.തുടര്‍ന്ന് അദ്ദേഹം കാറില്‍ തിരുവനന്തപുരത്തേയക്ക് മടങ്ങി.

നിലവില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ് രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശിവശങ്കര്‍ നല്‍കിയ മൊഴികള്‍ എല്ലാം എന്‍ ഐ എ പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.ഇപ്പോള്‍ അന്വേഷണത്തിന്റെ തുടക്കമണ്.കേസിന്റെ അന്വേഷണ പുരോഗതിയനുസരിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും അഡ്വ.എസ് രാജീവന്‍ പറഞ്ഞു.വലിയ കേസായതിനാല്‍ വിശദമായി തന്നെ ചോദ്യം ചെയ്യല്‍ നടത്തേണ്ടതായി വരുമെന്നും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണ ഏജന്‍സിക്ക് എത്ര തവണ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അഡ്വ.എസ് രാജീവന്‍ പറഞ്ഞു.ഇതുവരെയുള്ള നടപടികള്‍ നിയമപരമായി നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വ. എസ് രാജീവന്‍ പറഞ്ഞു.

അതേ സമയം സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് എന്‍ ഐ എ സംഘം ശിവശങ്കറിനെ വിട്ടയച്ചതെന്ന വിവരം പുറത്തുവരുന്നുണ്ട്.10 ദിവസത്തിനു ശേഷമായിരിക്കും ഇതില്‍ നടപടിയുണ്ടാകുന്നതെന്നും സൂചനയുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല.ഇന്നലെ രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്ത് എത്തിയ ശിവശങ്കറിനെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിര്‍ദേശിച്ച് നോട്ടിസ് നല്‍കി വിട്ടയക്കുകയായിരുന്നു.തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തങ്ങിയ ശിവശങ്കര്‍ ഇന്ന് രാവിലെ 10 ന് വീണ്ടും എന്‍ ഐ എക്ക് മുന്നില്‍ ഹാജരാകുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുമായി ശിവങ്കറിനുളള ബന്ധം,സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് ശിവശങ്കര്‍ എന്തെങ്കിലും തരത്തില്‍ സഹായം ചെയ്തു നല്‍കിയോ എന്നിവയടക്കമുളള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ശിവശങ്കറിനോട് ചോദിച്ചതെന്നാണ് അറിയുന്നത്.സ്വപ്‌ന സുരേഷും സരിത്തുമായി സൗഹദം മാത്രമാണുള്ളതെന്നും ഇവരുമായി വഴിവിട്ട യാതൊരു വിധ ബന്ധവുമില്ലെന്നുമുള്ള മുന്‍ നിലപാട് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ ആവര്‍ത്തിച്ചതായാണ് വിവരം.

സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേസിലെ മറ്റു പ്രതികളായ ഫൈസല്‍ ഫരീദുമായോ കെ ടി റമീസുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവരുമായി സംസാരിച്ചിട്ടില്ലെന്നും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ വ്യക്തമാക്കിയതായാണ് വിവരം.ഏതാനും ദിവസം മുമ്പ് ശിവശങ്കറിനെ എന്‍ ഐ എ തിരുവനന്തപുരത്ത് വെച്ച് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഇതില്‍ നിന്നും ലഭിച്ച മൊഴികളും പിന്നീട് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളിലും വൈരുധ്യം ഉണ്ടായതോടെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് എന്‍ ഐ എ വിളിച്ചുവരുത്തിയതെന്നാണ് സൂചന.

Tags:    

Similar News