സ്വര്‍ണക്കടത്ത് : ഉന്നത വ്യക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ ഐ എ
ഗൂഡാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ ഐ എ കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കി.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നത വ്യക്തികളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍ ഐ എ.കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്,കെ ടി റമീസ് അടക്കമുളളവരുടെ റിമാന്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ അന്വേഷണ സംഘം കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൂഡാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ ഐ എ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.
കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തി പല തവണ വിദേശത്ത് നിന്നും ഇന്ത്യയിലെ പല വിമാനത്താവളങ്ങള്‍ വഴി പ്രത്യേകിച്ച് കേരളം വഴി വലിയ അളവില്‍ സ്വര്‍ണം കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.പ്രതികള്‍ വിവിധ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തിരുവനന്തപരും സി-ഡാക്കില്‍ ശാസ്ത്രീയ പരിശോധന നടത്തി വരികയാണെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ്,10ാം പ്രതി റബിന്‍സ്,15ാം പ്രതി സിദ്ദീഖുല്‍ അക്ബര്‍,20ാം പ്രതി അഹമ്മദ് കുട്ടി എന്നിവര്‍ യുഎയിലാണെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ ഇവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും എന്‍ ഐ എ കോടതിയെ അറിയിച്ചു.