റിസോര്‍ട്ടിലെ ഇരട്ടക്കൊല: ദമ്പതികള്‍ റിമാന്റില്‍; മുഖ്യപ്രതി ഒളിവില്‍തന്നെ
രണ്ടുദിവസമായി കസ്റ്റഡിയിലായിരുന്ന ഇസ്രബേല്‍ (30), ഭാര്യ കപില (23) എന്നിവരുടെ അറസ്റ്റ് ബുധനാഴ്ചയാണ് പോലിസ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാരന്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനു(30) വേണ്ടി വയനാട്ടിലും തമിഴ്‌നാട് അതിര്‍ത്തിയിലും ശക്തമായ തിരച്ചില്‍ തുടരുകയാണ്.
ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയും തൊഴിലാളിയും കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളെ റിമാന്റ് ചെയ്തു. രണ്ടുദിവസമായി കസ്റ്റഡിയിലായിരുന്ന ഇസ്രബേല്‍ (30), ഭാര്യ കപില (23) എന്നിവരുടെ അറസ്റ്റ് ബുധനാഴ്ചയാണ് പോലിസ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാരന്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനു(30) വേണ്ടി വയനാട്ടിലും തമിഴ്‌നാട് അതിര്‍ത്തിയിലും ശക്തമായ തിരച്ചില്‍ തുടരുകയാണ്. ഇരട്ടക്കൊലപാതകം നടത്തിയത് ജോലിക്കാരനായ ബോബിന്‍ തന്നെയാണെന്ന് ദമ്പതികള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.
ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്നും പ്രതിഫലമായി 25,000 രൂപ കിട്ടിയെന്നും ദമ്പതികള്‍ പോലിസിനോട് സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ദമ്പതികളെ പോലിസ് അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചത്. കൊലപാതകത്തിനുശേഷം കപിലയുടെ ശാന്തന്‍പാറ ചേരിയാര്‍ കറുപ്പന്‍കോളനിയിലെ വീട്ടിലാണു ബോബിന്‍ താമസിച്ചതെന്നു പോലിസ് അറിയിച്ചു. ഏലത്തോട്ടം ഉടമ ജേക്കബ് വര്‍ഗീസ് (40), തൊഴിലാളിയായ മുത്തയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണു ഞായറാഴ്ച ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്. ബോബിന്‍ മോഷ്ടിച്ച 143 കിലോഗ്രാം ഏലയ്ക്ക മൂലത്തുറയിലെ വ്യാപാരിയുടെ പക്കല്‍ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തു. 1,70,000 രൂപ ബോബിനു നല്‍കിയതായി വ്യാപാരി മൊഴി നല്‍കിയിട്ടുണ്ട്. ചേരിയാര്‍ പുഴയില്‍ ബോബിന്‍ ഉപേക്ഷിച്ച രക്തക്കറ പുരണ്ട രണ്ട് ചാക്കുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിലെ വീട്ടില്‍ നിന്നു കണ്ടെത്തിയ ഇരട്ടക്കുഴല്‍ തോക്കിനു ജേക്കബിന്റെ പിതാവ് ഡോ. കെകെ വര്‍ഗീസിന്റെ പേരില്‍ ലൈസന്‍സുണ്ടെന്നു പോലിസ് പറഞ്ഞു. ഇതോടൊപ്പം കണ്ടെത്തിയ മറ്റൊരു തോക്കിനു ലൈസന്‍സില്ല.
വെടിയേറ്റത് ഈ തോക്കുകളില്‍ നിന്നാണെന്നു കരുതുന്നില്ലെങ്കിലും രണ്ടും ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. സന്ദര്‍ശകര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യയെയും ബോബിനെയും ജോലിക്കെടുത്തത്. ജീവനക്കാരനായ മുത്തയ്യ രണ്ടുദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലയ്ക്കാ സ്‌റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇടുക്കി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.