കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമം; രണ്ട് ജീവനക്കാര്‍ പിടിയില്‍
ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു.
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവർക്കുമെതിരേ വിജിലന്‍സ് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തു.
ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.