രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും; രണ്ട് ഹെലികോപ്റ്ററുകളും വരും

Update: 2024-07-30 05:01 GMT

മേപ്പാടി: മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 40 പേരാണ് ചികില്‍സയില്‍. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് ചൂരല്‍മലയും മുണ്ടക്കൈയും.

രക്ഷാപ്രവര്‍ത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയര്‍ ലിഫ്റ്റ് സാധ്യത പരിശോധിക്കാന്‍ കുനൂരില്‍നിന്ന് 2 ഹെലികോപ്ടറുകള്‍ ഉടന്‍ ദുരന്തസ്ഥലത്തെത്തും. നിലവില്‍ അഗ്‌നിരക്ഷ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരുള്‍പ്പെടുന്ന 250 അംഗ സംഘമാണ് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവസ്ഥലത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു.

മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് ഏറെ നാശനഷ്ടമുണ്ടായത്. മുണ്ടക്കൈയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. ഇവിടെ സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും.

കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ആശുപത്രിയിലെത്തിച്ച 23 പേരുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. മേപ്പാടിയില്‍ 18 മൃതദേഹങ്ങളും വിംസ് ആശുപത്രിയില്‍ 5 പേരുടെ മൃതദേഹങ്ങളും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ചാലിയാര്‍പ്പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പാര്‍ലമെന്റില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും കെ.സി.വേണുഗോപാല്‍ എം.പി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News