തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ റെഡ് ക്രസന്റിന്റെ സഹായമായി 20 കോടി രൂപയുടെ സഹായം. സഹായവുമായി ബന്ധപ്പെട്ട ധാരാണാപത്രം, റെഡ് ക്രസന്റ് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടു.
പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദ്യഘട്ട സഹായമാണിതെന്നും തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യുഎഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.