പത്തനംതിട്ട പീഡനം: മൊത്തം 58 പ്രതികള്‍; 43 പേര്‍ അറസ്റ്റില്‍

Update: 2025-01-13 12:42 GMT

പത്തനംതിട്ട: കായികതാരമായ ദലിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ മൊത്തം 58 പ്രതികളെന്ന് പോലിസ്. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലിസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 43 പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. പ്രതികളില്‍ ഒരാള്‍ വിദേശത്താണ്. ഇയാളെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കസ്റ്റഡിയില്‍ ഉള്ള 15 പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാല്‍സംഗത്തിന് ഇരയായെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പിടിയിലായ മന്ദിരംപടി സ്വദേശി പി ദീപുവിന്റെ ഇടപെടലാണ് ഒരുവര്‍ഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങള്‍ക്ക് വഴിവെച്ചത്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വെച്ച് നേരിട്ട് കണ്ടു. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കൊണ്ടുപോയി. മന്ദിരംപടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേരുടെ കൂടെ പോയി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന് പോലിസ് പറയുന്നു. ഈ സംഭവത്തില്‍ നാലുപ്രതികളുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Similar News