എന്താണ് റെഡ് ക്രസന്റ്...? റെഡ് ക്രോസുമായുള്ള ബന്ധമെന്ത്...? അറിഞ്ഞിരിക്കാം ഇതേക്കുറിച്ച്

ചില മാധ്യമങ്ങള്‍ വേണ്ടത്ര ധാരണയില്ലാത്തതിനാല്‍ റെഡ് ക്രസന്റിനെ ഒരു സ്ഥാപനം എന്ന നിലയിലാണ് പരിചയപ്പെടുത്തിയത്

Update: 2020-08-25 14:52 GMT

അബൂദബി: ലൈഫ് മിഷന്‍ വിവാദത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണല്ലോ യുഎഇ റെഡ് ക്രസന്റ്. വിവാദങ്ങള്‍ക്കിടെ എന്താണ് റെഡ് ക്രസന്റ് എന്നുപോലും അറിയാതെ ചര്‍ച്ചയില്‍ ഇടപെടുന്ന നിരവധി പേരുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് എന്ന സംഘടനയുടെ എമിറേറ്റ്സിലെ ഒരു വിഭാഗം മാത്രമാണിതെന്നതാണു വസ്തുത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ്, റെഡ് ക്രോസ് ഇന്റര്‍നാഷനലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സ്വര്‍ണക്കള്ളക്കടത്ത് വിവാദത്തിലൂടെ സംഘപരിവാരം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ഇസ് ലാമോഫോബിയയില്‍ റെഡ് ക്രസന്റ് എന്നത് ഏതോ ഒരു ഇസ് ലാമിക സംഘടനയാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുകയാണ്. ഈയവസരത്തില്‍ റെഡ് ക്രോസിനെയും അതിന്റെ ഒരു വിഭാഗമായ റെഡ് ക്രസന്റിനെയും കുറിച്ച് അറിയുന്നത് നന്നായിരിക്കും.

    റെഡ്ക്രസന്റ് എന്നത് ഇന്റര്‍നാഷനല്‍ റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് മൂവ്മെന്റ് എന്ന പേരില്‍ ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. ബഹുഭൂരിഭാഗം രാഷ്ട്രങ്ങളിലും റെഡ്ക്രോസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടന യുഎഇ, സൗദി തുടങ്ങി ഇസ് ലാമിക-മുസ് ലിം ഭൂരിപക്ഷമുള്ള 34 രാജ്യങ്ങളില്‍ റെഡ് ക്രസന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. യഹൂദ ഭൂരിപക്ഷമുള്ള ഇസ്രായേലില്‍ റെഡ് ഡയമണ്ട്(റെഡ് ഷീല്‍ഡ് ഓഫ് ഡേവിഡ്) എന്ന പേരാണ് സംഘടന സ്വീകരിച്ചിട്ടുള്ളത്. യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ ദുരന്തമുഖങ്ങളില്‍ മനുഷ്യത്വപരമായ സേവനങ്ങളും സഹായങ്ങളും നല്‍കുകയെന്നതാണ് ഈ സംഘടനകളുടെ ദൗത്യം. വിവിധ രാജ്യങ്ങളില്‍ അതത് പ്രദേശങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് റെഡ് ക്രസന്റ് പ്രവര്‍ത്തിക്കുക. സഹായം ആവശ്യപ്പെടുമ്പോള്‍ ദുരന്ത മുഖങ്ങളിലെത്തി സഹായം ചെയ്യുകയും സന്നദ്ധ പ്രവര്‍ത്തനം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്വീകരിക്കുന്നത്.

    ദുരന്ത മുഖത്ത് കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തിര സഹായം എത്തിക്കുക, ജനീവ കരാര്‍ പ്രകാരം യുദ്ധത്തടവുകാരെ കൈമാറുക, ഭവന രഹിതരായവര്‍ക്ക് വീട് വച്ച് നല്‍കുക, ദുരന്ത പ്രദേശങ്ങളില്‍ കാണാതായവരെ കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിക്കുക തുടങ്ങിയ ചുമതലകളാണ് സംഘടന നടത്തുന്നത്. ദുരന്തപ്രദേശങ്ങളില്‍ യാതൊരു വിധേയത്വവുമില്ലാതെ സ്വത്രന്ത്രമായി സര്‍വവ്യാപിയായി ഐക്യത്തോടെ ഇടപെടുന്ന സംഘടന അബൂദബി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണു പ്രവര്‍ത്തനം. ഇന്ത്യയിലെ സഹായങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്‍, മൗറിത്താനിയ, ഫിലിപ്പൈന്‍സ്, ഇന്തോനേസ്യ, സിറിയ, ലബനാന്‍, ബംഗ്ലാദേശ്, ടാന്‍സാനിയ, ചൈന, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അടിയന്തിര സഹായങ്ങള്‍ നടത്തിയിട്ടുണ്ട്. യുഎന്‍ അംഗീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സംഘടനയ്ക്കു ഏത് രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താനും പ്രത്യേകാനുമതി ആവശ്യമില്ലെന്നതാണു യാഥാര്‍ത്ഥ്യം. അതിനാലാണ് യുഎഇ ഭരണകൂടം അവിടുത്തെ റെഡ്ക്രസന്റിനു ലൈഫ് മിഷനുമായി സഹകരിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ചില മാധ്യമങ്ങള്‍ വേണ്ടത്ര ധാരണയില്ലാത്തതിനാല്‍ റെഡ് ക്രസന്റിനെ ഒരു സ്ഥാപനം എന്ന നിലയിലാണ് പരിചയപ്പെടുത്തിയത്.

    പ്രളയാനന്തരം കേരളത്തില്‍ വിദേശ സഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ വിലക്കിയപ്പോള്‍ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ യുഎഇ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് വടക്കഞ്ചേരിയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിക്കാന്‍ ഉദ്ദേശിച്ച ഫ്ളാറ്റ് സമുച്ചയം, ആശുപത്രി എന്നിവ നിര്‍മിച്ചു നല്‍കാമെന്ന് യുഎഇ അറിയിച്ചതും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചതും. യുഎഇ സര്‍ക്കാരിന് നേരിട്ട് സഹായം നല്‍കുന്നതിന് കേന്ദ്ര വിലക്കുള്ളത് കാരണം യുഎഇ റെഡ്ക്രസന്റിനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ഇതില്‍നിന്നു തന്നെ റെഡ് ക്രസന്റിനു വിദേശ സഹായം സ്വീകരിക്കുമ്പോള്‍ കേന്ദ്രാനുമതി വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്ന വാദങ്ങളെല്ലാം അപ്രസക്തമാവുകയാണ്. എന്നാല്‍, സ്വര്‍ണക്കടത്ത് വിവാദത്തിലെ പ്രതിയായ സ്വപ്നാ സുരേഷ് ഈ സമയം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. വീട് നിര്‍മാണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുമ്പോഴും ഫ്ളാറ്റ് നിര്‍മാണക്കരാര്‍ നല്‍കുമ്പോഴും സ്വപ്നാ സുരേഷും കോണ്‍സലേറ്റിലെ ഉദ്യോഗസ്ഥരും കമ്മീഷന്‍ കൈപ്പറ്റിയെന്ന വിവാദമാണ് റെഡ് ക്രസന്റിനെ സംബന്ധിച്ച മാധ്യമചര്‍ച്ചകള്‍ക്കു കാരണം.

What is the Red Crescent? What is the connection with the Red Cross...?





Tags:    

Similar News