സമദാനിയുടെ പേരില്‍ വ്യാജ വീഡിയോ: യുഡിഎഫ് കണ്‍വീനര്‍ പരാതി നല്‍കി

അങ്ങാടിപ്പുറത്ത് നടന്ന മങ്കട നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബ്ദുസ്സമദ് സമദാനി നടത്തിയ പ്രസംഗത്തിലെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

Update: 2021-03-21 18:11 GMT

മലപ്പുറം: യുഡിഎഫ് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എംപി അബ്ദുസമദ് സമദാനിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് കണ്‍വീനറും സമദാനിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റുമായ ഉമ്മര്‍ അറക്കല്‍ പരാതി നല്‍കി. പ്രസംഗത്തിന്റെ വീഡിയോയില്‍ കൃതൃമം നടത്തി അദ്ദേഹത്തിന്റെ ശബ്ദത്തിന്ന് സാമ്യമായ ശബ്ദം ഉപയോഗിച്ച് എ പി അബൂബക്കര്‍ മുസ്‌ലിയാരെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിച്ചെന്നാണ് പരാതി.

സമദാനിക്കെതിരേ എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ശിഷ്യന്മാരെയും അനുഭാവികളെയും ഇളക്കിവിടുന്നതിന് വേണ്ടിയാണ് ഈ വിധത്തില്‍ കൃത്രിമമായ വീഡിയോ ഉണ്ടാക്കി സമൂഹമാധ്യമങ്ങള്‍ വഴി ദുഷ്പ്രചാരണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അങ്ങാടിപ്പുറത്ത് നടന്ന മങ്കട നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബ്ദുസ്സമദ് സമദാനി നടത്തിയ പ്രസംഗത്തിലെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ അന്ന് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ ആക്ഷേപിച്ചു കൊണ്ടുള്ള ചില പരാമര്‍ശങ്ങള്‍ ശബ്ദാനുകരണം നടത്തി ഉള്‍പ്പെടുത്തിക്കൊണ്ടാണ് കൃത്രിമ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.

ഇപ്രകാരം നിയമലംഘനം നടത്തുകയും അപവാദം പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയും ചെയ്തവരെ കണ്ടുപിടിച്ച് നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട്, റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.

Tags:    

Similar News