ഇടുക്കിയില്‍ 26ന് യുഡിഎഫ് ഹര്‍ത്താല്‍
ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ഇടുക്കി: ഒക്ടോബര്‍ 26ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്ത് യുഡിഎഫ്. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ആഗസ്ത് 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കൃഷിയ്ക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യകെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാന്‍ കഴിയില്ല. പുതിയ ഉത്തരവ് പ്രകാരം പട്ടയഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫിസറുടെ എന്‍ഒസിയും ആവശ്യമാണ്.