പിഎസ്‌സി തട്ടിപ്പ്, യൂനിവേഴ്സിറ്റി വധശ്രമക്കേസ്: പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം: കാംപസ് ഫ്രണ്ട്
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഗുണ്ടാരാജിന് നേതൃത്വം നൽകിയ എസ്എഫ്ഐ ക്രിമിനലുകളാണിവർ.
തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പ്, യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രധാന പ്രതികളായ നസീം, ശിവരഞ്ജിത്ത് എന്നീ എസ്എഫ്ഐക്കാർക്കെതിരായ കേസുകൾ ഒഴിവാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ഇരുനൂറോളം കേസുകള്‍ നീക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
കോളജ് സംഘര്‍ഷം, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കമുള്ള കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഗുണ്ടാരാജിന് നേതൃത്വം നൽകിയ എസ്എഫ്ഐ ക്രിമിനലുകളാണിവർ. ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെയാണ് സർക്കാർ സ്വന്തം ചെലവിൽ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നത്.
പിഎസ്‌സി തട്ടിപ്പിൽ അനേകായിരം വിദ്യാർത്ഥികളെ വഞ്ചിക്കുന്ന തരത്തിലാണ് ക്രമക്കേടിലൂടെ ഇവർ സ്വന്തക്കാരെ സ്വാധീനിച്ച് റാങ്ക് ലിസ്റ്റിൽക്കയറിപ്പറ്റിയത്. കേസിന്റെ തുടക്ക കാലത്ത് തന്നെ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളത്. ഇത്രയും വിവാദമായ വിഷയത്തിൽ പോലും പ്രതികളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കം അനുവദിക്കാനാവില്ല. ശ്രമത്തിൽനിന്ന് സർക്കാർ പിൻവാങ്ങി ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരുമെന്നും ഷെഫീഖ് കല്ലായി കൂട്ടിച്ചേർത്തു.