യുണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി യു വി ജോസ്; സര്‍ക്കാരിന് കുരുക്ക് മുറുകുന്നു
അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് യു വി ജോസിന്റെ മൊഴി എടുത്തത്. സെക്രട്ടേറിയേറ്റിലെ യു വി ജോസിന്റെ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്.
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം ശിവശങ്കറിനെതിരെ ലൈഫ് മിഷന്‍ സി ഇ ഒ യു.വി ജോസിന്റെ മൊഴി. യൂണിടാക്കിന് എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്ന് യു വി ജോസ് വിജിലന്‍സിന് മൊഴി നല്‍കി. വിവാദങ്ങള്‍ ഉണ്ടായ ശേഷമാണ് യൂണിടാകും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിഞ്ഞത്. എംഒയു കണ്ടത് ഒപ്പിടുന്ന ദിവസമാണെന്നും യു വി ജോസ് വിജിലന്‍സിന് മൊഴി നല്‍കി.
യൂണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കരാരിനെക്കുറിച്ചും സന്തോഷ് ഈപ്പന്റെ സെയ്ന്‍ വെഞ്ച്വേഴ്സും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും മൊഴി നല്‍കി. അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് യു വി ജോസിന്റെ മൊഴി എടുത്തത്. സെക്രട്ടേറിയേറ്റിലെ യു വി ജോസിന്റെ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്.
നിയമവകുപ്പിന്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു ശിവശങ്കറിന്റെ ഇടപെടല്‍. അതിനുശേഷം ഒറ്റരാത്രികൊണ്ടാണു ധാരണാപത്രത്തിന് അന്തിമരൂപം നല്‍കിയത്. വടക്കാഞ്ചേരി പദ്ധതി ഇടപാടില്‍ പങ്കില്ലെന്നായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ വിശദീകരണം. റെഡ്ക്രെസന്റും നിര്‍മ്മാണക്കമ്പനിയായ യൂണിടാക്കും തമ്മിലായിരുന്നു കരാറെന്നും സ്ഥലം നല്‍കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനായിരിക്കേ ഇക്കാര്യത്തില്‍ ശിവശങ്കര്‍ ഇടപെട്ടെന്ന ലൈഫ് മിഷന്‍ സിഇഒയുടെ മൊഴി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. കരാറിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറായിരുന്നെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം ലൈഫ് മിഷന്‍ ഇടപാടില്‍ പ്രതിഫലിച്ചെന്നു സംശയിക്കുന്നതായും ജോസ് മൊഴി നല്‍കി.