ആദ്യം നല്ല അഭിഭാഷകനാവണം; വാളയാര്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ രൂക്ഷമായി വിമര്‍ശിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍
ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എങ്ങനെ കേസ് നടത്തണമെന്നതിനെപ്പറ്റി ധാരണ വേണം. അതിന് ആദ്യം നല്ല അഭിഭാഷകനാവണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒട്ടനവധി പ്രധാന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അനുഭവം തനിക്കുണ്ട്.
കോഴിക്കോട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ രൂക്ഷമായി വിമര്‍ശിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട് രംഗത്ത്. പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വിട്ടയക്കുമെന്നും പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വീഴ്ചയെ വിനോദ് കായനാട്ട് നിശിതമായി വിമര്‍ശിക്കുന്നത്. പ്രതികള്‍ക്കെതിരായ കുറ്റംതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാര്‍ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെവിട്ടിരുന്നത്. ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എങ്ങനെ കേസ് നടത്തണമെന്നതിനെപ്പറ്റി ധാരണ വേണം. അതിന് ആദ്യം നല്ല അഭിഭാഷകനാവണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒട്ടനവധി പ്രധാന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അനുഭവം തനിക്കുണ്ട്.
പാലക്കാട് ജില്ലയിലെ രാഷ്ട്രീയകൊലപാതകങ്ങളായ കടുക്കാംകുന്ന് ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍, കൊല്ലങ്കോട് പുത്തന്‍പാടം വിജയന്‍, കൊഴിഞ്ഞാമ്പാറ സുകുമാരന്‍, മംഗലം സോമന്‍, അഗളി ചെമ്മണ്ണൂര്‍ രവീന്ദ്രന്‍നായര്‍ കൊലപാതകം, മുടപ്പല്ലൂര്‍ അമ്മിണിഅമ്മ കൊലപാതകം, ഒലവക്കോട് ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ഹനീഫ കൊലപാതകം, ചെര്‍പ്പുളശ്ശേരി സരസ്വതി കൊലപാതകം, ചിതലി പ്രീതി കൊലപാതകം, പാലക്കാട് പുത്തൂര്‍ ലീന കൊലപാതകം, പാലാരിവട്ടത്തുനിന്ന് കാര്‍ തട്ടിക്കൊണ്ടുവന്ന് ഉടമയും ഡ്രൈവറുമായ സന്തോഷിനെ കൊലപ്പെടുത്തിയ കേസ്, പട്ടാമ്പി റംലത്തിന്റെ ഒമ്പതുമാസം പ്രായമുള്ള കുട്ടിയെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തിയ കേസ്, മുണ്ടൂര്‍ കാട്ടുകുളം നിഷാമോള്‍ കൊലപാതകം എന്നിവയില്‍ പ്രോസിക്യൂട്ടറായി പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുത്തയാളാണ് താന്‍.
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രതി കുറ്റംചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഇത്തരം പ്രമാദമായ കേസ് നടത്തുന്ന പ്രോസിക്യൂട്ടര്‍മാര്‍ കേസ് നന്നായി പഠിക്കുകയും അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണത്തിനുള്ള പോരായ്മകള്‍ പരിഹരിക്കാനാവശ്യമായ ഹരജികള്‍ നല്‍കുകയും കൂടുതല്‍ സാക്ഷികളെ വേണ്ടിവന്നാല്‍ വിസ്തരിക്കുകയും പഠിക്കുകയും വേണം. അല്ലാതെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വിട്ടയക്കും. പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് എന്തുകാര്യമെന്ന് വിനോദ് കായനാട്ട് പോസ്റ്റില്‍ ചോദിക്കുന്നു.