വാളയാറിലെ ദലിത് പെണ്‍കുട്ടികളുടെ മരണം; വീഴ്ച്ച മറച്ചുവയ്ക്കാന്‍ പോലിസ് അപ്പീലിന്
അപ്പീല്‍ പോകുന്നതു സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്ക് എതിരെയാണ് പോലിസ് അപ്പീല്‍ നല്‍കുക.
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ പോലിസ്. അന്വേഷണത്തിലെ ഗുരുതര വീഴ്ച്ചയെ തുടര്‍ന്ന് പ്രതികളെ വെറുതെവിട്ടതിനു പിന്നാലെ അപ്പീല്‍ പോകുമെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് പോലിസ്. അപ്പീല്‍ പോകുന്നതു സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്ക് എതിരെയാണ് പോലിസ് അപ്പീല്‍ നല്‍കുക.
വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് പോലിസും നിയമവകുപ്പും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കും. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പോലിസ് അപ്പീല്‍ നല്‍കുന്നതെന്നും ഡിഐജി വ്യക്തമാക്കുന്നു.
കേസില്‍ വാദം പൂര്‍ത്തിയായി വിധി പറഞ്ഞ സാഹചര്യത്തില്‍ അപ്പീല്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, അതിന് കോടതി ഉത്തരവ് പുറപ്പെടുവിക്കണമെങ്കില്‍ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കേണ്ടി വരും.
2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബര്‍ 25ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.
പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. ആദ്യ മരണത്തില്‍ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.
ഇതിന് പുറമേ കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വലിയ വിവാദമായി. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം ഈ കേസിലും വിധി പറയാനിരിക്കെയാണ് നിലവിലെ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പോലിസ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.
അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്. 2017 ജനുവരിയില്‍ മൂത്ത സഹോദരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് സൂചന ഉണ്ടായിരുന്നതാണ്. എന്നിട്ടും കാര്യമായ അന്വേഷണം പോലിസ് നടത്തിയിട്ടില്ല. മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദ്യകേസ് തന്നെ ശാസ്ത്രീയമായി അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മരണം ഒഴിവാക്കാനാകുമാകുമായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രകൃതി വിരുദ്ധ പീഢനം നടന്നുവെന്നും കൊലപാതകമാണെന്ന് സംശയിപ്പിക്കാവുന്നതാണെന്നുമുള്ള ഫോറന്‍സിക് സര്‍ജന്റെ മെഡിക്കല്‍ റിപോര്‍ട്ട് ഉണ്ടായിട്ട് പോലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ നമ്പര്‍ മാറ്റി നല്‍കി പോലിസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. 9 വയസ്സുകാരിക്ക് തൂങ്ങി മരിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്.
പോക്‌സോ, എസ്‌സി-എസ്ടി അട്രോസിറ്റി ആക്റ്റ്, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസിന്റെ ഇത്തരത്തിലുള്ള ദയനീയമായ പര്യവസാനത്തെ അധികാരികളും രാഷ്ട്രീയ നേതൃത്വവും ഗൗരവത്തോടെ കാണണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി പറഞ്ഞു. കേസിന്റെ പുനരന്വേഷണത്തിന് ആവശ്യമായ നിയപരമായ ഇടപെടലുകളും പിന്തുണയും കുടുംബത്തിന് എസ്ഡിപിഐ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സിപിഐ നേതാവ് ആനിരാജ പ്രതികരിച്ചു. വിഷയം ഗൗരവമായി കണ്ട് മുഖ്യമന്ത്രി ഇതില്‍ ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.