കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വാഹനമിടിപ്പിച്ചു; ബോണറ്റില്‍ കുടുങ്ങി യുവാവ്

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെയാണ് ബോണറ്റില്‍ ഇടിച്ചെടുത്ത് കൊണ്ടുപോയത്.

Update: 2021-10-27 15:06 GMT

പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു. യുവാവിനെ ബോണറ്റിലിരുത്തി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റളോളം ദൂരം. പരിക്കേറ്റ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുനങ്ങാട് സ്വദേശിയായ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഒറ്റപ്പാലത്താണ് സംഭവം നടന്നത്. കടം വാങ്ങിയ മുക്കാല്‍ ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് യുവാവിനെ കാറിടിച്ച്‌ ബോണറ്റില്‍ ഇരുത്തി രണ്ട് കിലോമീറ്റളോളം ദൂരം സഞ്ചരിച്ചത്. ബോണറ്റില്‍ ഇരുത്തിപ്പായുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫാസിലിനെയാണ് ബോണറ്റില്‍ ഇടിച്ചെടുത്ത് കൊണ്ടുപോയത്. ഫാന്‍സി സാധനങ്ങള്‍ വില്‍ക്കാനായി മുഹമ്മദില്‍ നിന്ന് 75000 രൂപ ഉസ്മാന്‍ കടം വാങ്ങിയിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കില്‍ പ്രതി ഒഴിഞ്ഞ് മാറുകയായിരുന്നു.

ഒടുവില്‍ വണ്ടി തടഞ്ഞ് ചോദിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. ബോണറ്റില്‍ കുടുങ്ങിപ്പോയ മുഹമ്മദ് ഫാസിലുമായി ഒറ്റപ്പാലം പോലിസ് സ്റ്റേഷന് സമീപം വരെ വാഹനം സഞ്ചരിച്ചു. സംഭവം കണ്ട പോലിസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു. കാര്‍ ഇടിച്ച്‌ നിസാര പരിക്കേറ്റ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Similar News