ഓണനാളുകളില്‍ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചു; കോട്ടയത്ത് 1,260 പേര്‍ക്കെതിരേ നടപടി
ആഗസ്ത് 30 മുതല്‍ സപ്തംബര്‍ രണ്ടുവരെയുളള ദിവസങ്ങളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 970 വ്യക്തികള്‍ക്കും 290 വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.
കോട്ടയം: കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിന് ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ 1,260 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. സമ്പര്‍ക്കവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രൂപീകരിച്ച ക്വിക് റെസ്‌പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ വ്യാപാരികളും പൊതുജനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു പരിശോധന.
ആഗസ്ത് 30 മുതല്‍ സപ്തംബര്‍ രണ്ടുവരെയുളള ദിവസങ്ങളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 970 വ്യക്തികള്‍ക്കും 290 വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. സാമൂഹിക അകലം പാലിക്കാതിരുന്നതിനും പൊതുസ്ഥലത്ത് കൂട്ടംകൂടിയതിനും മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയതിനും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരുന്നതിനും ഉള്‍പ്പെടെ 371 പേര്‍ക്ക് പിഴ ചുമത്തി. 511 പേര്‍ക്ക് താക്കീതു നല്‍കി. 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ എഴുതിസൂക്ഷിക്കാതിരുന്നതിനും സാമൂഹിക അകലം ഉറപ്പാക്കാതെയും മാസ്‌ക് ധരിക്കാതെയും എത്തിയവര്‍ക്ക് പ്രവേശനം അനുവദിച്ചതിനുമാണ് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുത്തത്. 53 വ്യാപരികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ടീമുകളുടെ പ്രവര്‍ത്തനം. അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പരിശോധന നടത്തിയത്.