വിറ്റമിന്‍ ചേര്‍ത്ത പാലുമായി മില്‍മ; 30 മുതല്‍ വിപണയില്‍
വിറ്റമിന്‍ എ, വിറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് മില്‍മ പാല്‍ പുതിയ ഡിസൈനോടു കൂടിയ പാക്കറ്റിലുള്ള പാല്‍ എറണാകുളം മേഖല പരിധിയില്‍ ഈ മാസം 30 മുതല്‍ വിപണിയിലെത്തും. എറണാകുളം, കോട്ടയം, തൃശൂര്‍, കട്ടപ്പന ഡയറികളില്‍ നിന്നായിരിക്കും വിതരണം. പാലില്‍ വിറ്റമിന്‍ ചേര്‍ക്കുന്നതിന് അധിക ചെലവ് വരുമെങ്കിലും ഉപഭോക്താക്കളില്‍ നിന്ന് നിലവിലെ വില തന്നെയാണ് ഈടാക്കുക
കൊച്ചി: വിറ്റമിന്‍ ചേര്‍ത്ത പാലുമായി മില്‍മ.വിറ്റമിന്‍ എ, വിറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് മില്‍മ പാല്‍ പുതിയ ഡിസൈനോടു കൂടിയ പാക്കറ്റിലുള്ള പാല്‍ എറണാകുളം മേഖല പരിധിയില്‍ ഈ മാസം 30 മുതല്‍ വിപണിയിലെത്തുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍, എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍, കട്ടപ്പന ഡയറികളില്‍ നിന്നായിരിക്കും വിതരണം. പാലില്‍ വിറ്റമിന്‍ ചേര്‍ക്കുന്നതിന് അധിക ചെലവ് വരുമെങ്കിലും ഉപഭോക്താക്കളില്‍ നിന്ന് നിലവിലെ വില തന്നെയാണ് ഈടാക്കുക. തുടക്കത്തില്‍ ഓറഞ്ച് നിറത്തിലുള്ള പ്രൈഡ് പാലിലാണ് വിറ്റമിന്‍ ചേര്‍ക്കുക. ശേഷം നീല നിറത്തിലുള്ള ടോണ്‍ഡ്, മഞ്ഞ നിറത്തിലുള്ള സ്മാര്‍ട്ട്, പച്ച നിറത്തിലുള്ള റിച്ച് പാല്‍ എന്നിവയും വിറ്റമിന്‍ ചേര്‍ത്ത് നവീകരിച്ച് വിപണിയിലെത്തിക്കും. വിറ്റമിന്‍ ചേര്‍ക്കുന്ന പാലിന്റെ പായ്ക്കറ്റില്‍ ഇത് പ്രത്യേകം രേഖപ്പെടുത്തും.
ഇന്ത്യയില്‍ അമ്പത് ശതമാനത്തിലധികം പേരില്‍ വിറ്റമിന്‍ ഡിയുടെയും വിറ്റമിന്‍ എയുടെയും അഭാവമുണ്ടെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പാലില്‍ വിറ്റമിന്‍ ചേര്‍ക്കാനുള്ള നീക്കമെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. വിറ്റമിന്‍ കുറവ് പാലിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിര്‍ദേശാനുസരണം നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഇന്ത്യ നൂട്രീഷ്യന്‍ ഇനീഷ്യേറ്റീവ്, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടു കൂടിയാണ് വിറ്റമിന്‍ ചേര്‍ത്ത പാല്‍ വിപണിയിലിറക്കുന്നത്.
മില്‍മ എറണാകുളം മേഖല യൂനിയന്‍ ഈ സാമ്പത്തിക വര്‍ഷം 11.33 കോടി രൂപയുടെ ലാഭമാണ് ലക്ഷ്യമിടുന്നതെന്ന് ജോണ്‍ തെരുവത്ത് പറഞ്ഞു. 682.84 കോടി രൂപ ചെലവും 694.17 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം ലഭിച്ചു. മേഖല യൂനിയന്റെ പാല്‍ സംഭരണം പ്രതിദിനം 3.3 ലക്ഷം ലിറ്ററും വിപണനം 3.5 ലക്ഷം ലിറ്ററുമാണ്. പാലിന്റെയും മറ്റ് ഉല്‍പന്നങ്ങളുടെയും വിപണനം വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ഇത്തവണത്തേതെന്നും ചെയര്‍മാന്‍ അറിയിച്ചു. ബോര്‍ഡ് അംഗങ്ങളായ മേരി ലോനപ്പന്‍, ജോമോന്‍ ജോസഫ്, മേഖല എം.ഡി ഡോ.മുരളീധരദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.