അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു; വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം

വനിത താരങ്ങള്‍ക്ക് ഭരണസമിതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ ഈ മാസം 30ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. യോഗ നടപടികള്‍ക്ക് ശേഷമായിരിക്കും ഭരണഘടന ഭേദഗതിയുടെ കാര്യത്തില്‍ സംഘടന തലത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു

Update: 2019-06-25 13:13 GMT

കൊച്ചി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു. ഭരണസമിതിയില്‍ വനിത താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ ഈ മാസം 30ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. യോഗ നടപടികള്‍ക്ക് ശേഷമായിരിക്കും ഭരണഘടന ഭേദഗതിയുടെ കാര്യത്തില്‍ സംഘടന തലത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.സുപ്രീം കോടതി നിര്‍ദേശങ്ങളടക്കം പരിഗണിച്ചാണ് ഭരണഘടന ഭേദഗതി. ഭേദഗതിക്ക് യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ള മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു വനിതകളുടെ പ്രാതിനിധ്യം, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഭേദഗതിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ മൂന്നു വനിതകള്‍ കമ്മിറ്റിയില്‍ ഉണ്ട്.ഇത് നാലാക്കി ഉയര്‍ത്തും.വനിതാ പ്രാതിനിധ്യം കൂട്ടുന്നുണ്ടെങ്കിലും കമ്മിറ്റിയുടെ ആകെയുള്ള അംഗ സംഖ്യ 17 തന്നെയായി തുടരും

.30ന് രാവിലെ 10 മുതല്‍ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. സംഘടനയുടെ 25ാമത് ജനറല്‍ ബോഡിയാണ് നടക്കുന്നത്്. സംഘടയുടെ കൊച്ചിയിലെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം നവംബറില്‍ നടക്കും.നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സംഘടനയില്‍ വനിത താരങ്ങളും വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവും (ഡബ്ല്യുസി.സി) ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനുമൊടുവിലാണ് സംഘടന ഭരണഘടന ഭേദഗതിക്കൊരുങ്ങുന്നത്.വനിത താരങ്ങള്‍ക്കെതിരെ സിനിമ രംഗത്തുണ്ടാവുന്ന ലൈംഗിക ചൂഷണമടക്കം തടയാന്‍ സംഘടനക്കകത്ത് ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതി മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ സംഘടന നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിനിയും സിനിമാ മേഖലയില്‍ ഇല്ലെന്നത് നാണക്കേടാണെന്നും നേരത്തെ ഡബ്യുസിസി പ്രതികരിച്ചിരുന്നു.കഴിഞ്ഞ ജൂണ്‍ 24ന് ചേര്‍ന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള ഭാരവാഹികളുടെ നടപടിയാണ് സംഘടനയില്‍ വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്.ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും നാലു വനിത താരങ്ങള്‍ സംഘടനയില്‍ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

Tags:    

Similar News