അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കണം; പ്രസിഡന്റിന് കത്തയച്ച് എഐഎംഎംഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ അംഗങ്ങള്‍ ചേര്‍ന്ന് യോഗം വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ ഉചിതമായ തീരുമാനങ്ങളും കൈക്കൊള്ളുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ (എഐഎംഎംഎം) കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പ്രസിഡന്റ് നവീദ് ഹമീദിന് കേന്ദ്ര കമ്മിറ്റിയിലെ 35 അംഗങ്ങള്‍ ഒപ്പിട്ട കത്തയച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എഐഎംഎംഎമ്മിന്റെ ജനറല്‍ ബോഡി യോഗം ചേര്‍ന്നിട്ടില്ല. ഒരുവര്‍ഷം മുമ്പ് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും നിലവിലെ പ്രസിഡന്റ് ജനറല്‍ ബോഡി യോഗം വിളിക്കാന്‍ തയ്യാറായില്ല.
അതേസമയം, ഇക്കാലയളവില്‍ വര്‍ക്കിങ് കമ്മിറ്റി യോഗം മാത്രമാണ് നടന്നതെന്നും കത്തില്‍ പറയുന്നു. അടുത്ത ഡിസംബറില്‍ എഐഎംഎംഎം പ്രസിഡന്റിനെയും വര്‍ക്കിങ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിന് മുമ്പുതന്നെ കേന്ദ്ര കമ്മിറ്റി ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ അംഗങ്ങള്‍ ചേര്‍ന്ന് യോഗം വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ ഉചിതമായ തീരുമാനങ്ങളും കൈക്കൊള്ളുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എഐഎംഎംഎം മുന്‍ പ്രസിഡന്റ് ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, സെക്രട്ടറി ജനറല്‍ മുജ്തബ ഫാറൂഖ്, അംഗങ്ങളായ ഡോ.സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ്, മുഫ്തി അതൂര്‍ റഹ്മാന്‍ ഖാസിമി, മസൂം മൊറാദാബാദി, സൊഹൈല്‍ അഞ്ജും, പ്രഫ. ഇഷ്തിയാഖ് സുലൈമാന്‍, പ്രഫ. അക്തറുല്‍ വാസെ, മുന്‍ എംപി മുഹമ്മദ് ആദിബ്, കമാല്‍ ഫാറൂഖി, മൗലാനാ മുഹമ്മദ് താഹിര്‍ മദനി, അനീസ് ദൂറാനി, മന്‍സൂര്‍ അഹമ്മദ് (ഐപിഎസ് റിട്ട.), ഖ്വാജാ മുഹമ്മദ് ഷാഹിദ്, ഡോ. സെയ്ദ് അഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുളളവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡസനിലധികം പ്രമുഖ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയാണ് ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ.