സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
ആരോഗ്യ കാരണങ്ങളാൽ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ സി എഫ് തോമസ് എന്നിവർ വോട്ട് രേഖപെടുത്താനും സഭയിൽ പങ്കെടുക്കാനും എത്തിയില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇടതു മുന്നണി സ്ഥാനാർഥിയായി എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർഥിയായി ലാൽ വർഗീസ് കൽപ്പകവാടിയുമാണ് മത്സരിക്കുന്നത്. എം പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭ സീറ്റില്‍ ഒഴിവ് വന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് സമയം.
ഇടതു മുന്നണി സ്ഥാനാർഥിക്കാണ് വിജയം സാധ്യത കല്‍പ്പിക്കുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചോർച്ചയുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എല്ലാ കേരള കോൺഗ്രസ് എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മോൻസ് ജോസഫിനെ വിപ്പായി നിയമിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് മറ്റൊരു വിപ്പും എംഎൽഎമാർക്ക് നൽകിയിട്ടുണ്ട്. വോട്ടടുപ്പിൽ നിന്ന് വിട്ട് നിന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
ആരോഗ്യ കാരണങ്ങളാൽ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ സി എഫ് തോമസ് എന്നിവർ വോട്ട് രേഖപെടുത്താനും സഭയിൽ പങ്കെടുക്കാനും എത്തിയില്ല. യുഡിഎഫ് പക്ഷത്തെ ജോസ് പക്ഷത്തിലുള്ള രണ്ട് എംഎൽഎമാരും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപി അംഗം ഒ രാജഗോപാലും വോട്ടിങ് നടത്തിയില്ല. പി സി ജോർജും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.