പോലിസില്‍ വിശ്വാസമില്ലെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ
വാളയാറില്‍ പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ.
പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. പോലിസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പോലിസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ അമ്മയുടെ വിമര്‍ശനം. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരെയാണ് പോലിസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്. പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെയാണ് പോലിസ് നീക്കം.
കേസ് വീണ്ടും അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്
വാളയാര്‍ പീഡനക്കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കണം. പോലിസും പ്രോസിക്യൂഷനും പരാജയമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് കണ്ണൂരില്‍ പറഞ്ഞു.
2017 ജനുവരി 13നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബര്‍ 25ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.