ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍കുട്ടി ഡാം തുറന്നു, പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

ആവശ്യാനുസരണം ഘട്ടംഘട്ടമായി 600 ക്യുമിക്‌സ് വരെ ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുക. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-10-13 12:52 GMT

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് വൈകീട്ട് ആറ് മുതലാണ് ഡാം തുറന്നുവിട്ടത്. ആവശ്യാനുസരണം ഘട്ടംഘട്ടമായി 600 ക്യുമിക്‌സ് വരെ ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുക. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ എട്ടിന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴപെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലുമാണ് ഷട്ടറുകള്‍ അടിയന്തരമായി ഉയര്‍ത്തുന്നത്. ഡാമില്‍ നിലവില്‍ 249.1 മീറ്റര്‍ ജലമാണുളളത്. പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.

ഇന്നും നാളെയും ഇടുക്കിയില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍, നാളെയും ജില്ലയില്‍ ശക്തമായ മഴ തുടരും. അതുകൊണ്ടാണ് ജില്ലയിലെ ഡാമുകള്‍ തുറന്ന് ജലനിരപ്പ് കുറയ്ക്കുന്നത്. പാംബ്ല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി 1200 ക്യുമെക്‌സ് ജലമായിരിക്കും ഒഴുക്കിവിടുക.

Tags:    

Similar News