ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു, തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തൃശൂര്‍: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഡാം തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ നദിയില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പീച്ചി ഡാം തുറന്നതിന് പിന്നാലെയാണ് പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നത്.
കനത്തമഴയെത്തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാല്‍ വാളയാര്‍ ഡാമും തുറക്കുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത മൂന്നുദിവസവും അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.