പൂച്ചകള്‍ക്കും പക്ഷികള്‍ക്കും വെള്ളം; മാതൃകയാക്കാം, ഈ കുരുന്നുമനസ്സുകളെ
മണ്‍ചട്ടികള്‍ക്ക് നിറം പൂശി വെള്ളം നിറച്ച് കിളി കുളിക്കുളം എന്നെഴുതി പച്ചക്കറി തോട്ടത്തോട് ചേര്‍ന്ന് മണ്‍ പൈപ്പുകളിലും മറ്റുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്
കോഴിക്കോട്: നമ്മളെല്ലാം പുറത്തിറങ്ങാതെ വീട്ടിലിരിക്കും. ദാഹിച്ചു വലയുമ്പോള്‍ വെള്ളം കുടിക്കാം. നാടെങ്ങും വറ്റിവരളുമ്പോള്‍ പക്ഷികള്‍ക്കും പറവകള്‍ക്കും കുളിക്കാനും കുടിക്കാനും എന്തുചെയ്യും. അവിടെയാണ് മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ പുതിയ മാതൃക കാട്ടുന്നത്. സ്‌കൂളിനു മുന്നിലെ കുട്ടി തോട്ടത്തില്‍ 'കിളി കുളിക്കുളം' ഒരുക്കിയാണ് പക്ഷികള്‍ക്ക് സംരക്ഷണമേകുന്നത്. ഹരിതോല്‍സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈ 28ന് പ്രകൃതിസംരക്ഷണ ദിനാഘോഷ വേളയില്‍ ഒരുക്കിയ കിളി കുളിക്കുളം വേനല്‍ക്കാലത്താണ് പക്ഷികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നത്. മണ്‍ചട്ടികള്‍ക്ക് നിറം പൂശി വെള്ളം നിറച്ച് കിളി കുളിക്കുളം എന്നെഴുതി പച്ചക്കറി തോട്ടത്തോട് ചേര്‍ന്ന് മണ്‍ പൈപ്പുകളിലും മറ്റുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പൂച്ചകള്‍ക്ക് വെള്ളം കുടിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെത്തുന്ന പക്ഷികളെ ഇവിടെയാരും കല്ലെറിഞ്ഞ് ഓടിക്കില്ല. രണ്ടാം ക്ലാസ് എ ഡിവിഷനിലെ കുട്ടികള്‍ അധ്യാപിക ഷേര്‍ളിയുടെ നേതൃത്വത്തിലാണ് കിളി കുളിക്കുളം ഒരുക്കിയത്. സ്‌കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനാധ്യാപിക ജോളി തോമസ് പറഞ്ഞു.