മുട്ടില്‍ മരം മുറിക്കേസ്: രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
കേസിലെ പ്രതികളായ റോജി , ആന്റോ , ജോസ്‌കുട്ടി എന്നിവരുടെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു
കൊച്ചി: വയനാട് മുട്ടില്‍ മരംമുറി കേസില്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. നിയമപരമായ മാര്‍ഗത്തിലൂടെയാണ് മരം മുറിച്ചതെന്നും മതിയായ രേഖകളുണ്ടെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇവ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത.്‌കേസിലെ പ്രതികളായ റോജി , ആന്റോ , ജോസ്‌കുട്ടി എന്നിവരുടെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ-വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ തങ്ങള്‍ ബലിയാടുകള്‍ ആവുകയായിരുന്നെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു.
മരംമുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളില്‍ 37ലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവര്‍ പ്രതികളാണെന്നും ഒരു കേസില്‍ ഹരജിക്കാരന് എതിരെ വാറന്റുണ്ടെന്നും സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ വാദിച്ചു. ഹരജി 23 നു പരിഗണിക്കാനായി മാറ്റി.