വി കണ്‍സോള്‍ ഉപയോഗിച്ച് കേരള ഹൈക്കോടതിയില്‍ വിര്‍ച്വല്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റും സൂമും പോലുള്ള ടൂളുകള്‍ ആണ് ഹൈക്കോടതി ഇതുവരെ ഉപയോഗിച്ചിരുന്നത്.കോടതി നടപടിക്രമങ്ങളില്‍ ഒട്ടേറെ പരിമിതികള്‍ ഇവയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തദ്ദേശീയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത 'വി കണ്‍സോള്‍' ഉപയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്

Update: 2021-06-14 16:19 GMT

കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ വി കണ്‍സോള്‍ ഉപയോഗിച്ച് കേരള ഹൈക്കോടതിയില്‍ വിര്‍ച്വല്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു.കൊവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റും സൂമും പോലുള്ള ടൂളുകള്‍ ആണ് ഹൈക്കോടതി ഇതുവരെ ഉപയോഗിച്ചിരുന്നത്.കോടതി നടപടിക്രമങ്ങളില്‍ ഒട്ടേറെ പരിമിതികള്‍ ഇവയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തദ്ദേശീയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത 'വി കണ്‍സോള്‍' ഉപയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

ഹൈക്കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോടതി നടപടിക്രമങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍കസ്റ്റമൈസ് ചെയ്താണ് 'വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട്' എന്ന പുതിയ ഉല്‍പന്നം തയാറാക്കിയതെന്ന് ടെക്ജെന്‍ഷ്യസിഇഒ ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ടില്‍ ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും കോര്‍ട്ട് മാസ്റ്റര്‍മാര്‍ക്കും പ്രത്യേക ലോഗിന്‍ തന്നെയുണ്ട്. ഓരോ കേസ് വിളിക്കുമ്പോഴും അതില്‍ നേരിട്ട് പങ്കെടുക്കേണ്ട അഭിഭാഷകരെ കോര്‍ട്ട് മാസ്റ്റര്‍മാര്‍ അവര്‍ക്ക് ലഭ്യമായ പ്രത്യേക ഇന്റര്‍ഫേസ് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ആയി കോടതിയില്‍ പ്രവേശിപ്പിക്കുന്ന രീതിയില്‍ ആണ് 'വികണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട്' രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

മറ്റ് അഭിഭാഷകര്‍ക്ക് കേസ് വാദം നടക്കുന്നത് വീക്ഷിക്കാനുള്ള അവസരവും ഉണ്ട്. അനുവദിക്കപ്പെട്ട കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും ആവശ്യമെങ്കില്‍ തത്സമയം വീക്ഷിക്കാന്‍ കഴിയും.കേസ് നടന്നു കൊണ്ടിരിക്കെ ജഡ്ജിമാര്‍ക്ക് സീക്രട്ട് റൂമില്‍ പ്രവേശിച്ചു പരസ്പരം ചര്‍ച്ച നടത്താനുള്ള അവസരവും വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ടിലുണ്ട്. അഭിഭാഷകര്‍ക്ക് എന്തെങ്കിലും കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തണമെങ്കില്‍ അവ ഉന്നയിക്കുവാനും പുതിയ ടൂളില്‍ പ്രത്യേകം സൗകര്യമുണ്ട്.ആദ്യഘട്ടമായി ഒരു കോടതിയില്‍ ആണ് ഇന്ന് വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട് ഉപയോഗിച്ച് തുടങ്ങിയത് . വെക്കേഷന്‍ കഴിഞ്ഞു കോടതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ വ്യാപകമായി 'വികണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട്' ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഹൈക്കോടതി.

Tags:    

Similar News