എംസി ജോസഫൈന് ശമ്പളം നല്‍കുന്നത് എകെജി സെന്ററല്ല: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
'ഉത്തരവാദിത്തം മറന്ന് പാര്‍ട്ടിക്ക് പാദസേവ ചെയ്യുകയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ. പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിച്ച് വനിതാ കമ്മീഷനെ തീറ്റിപ്പോറ്റുന്നത് പാര്‍ട്ടിയിലെ കൊള്ളരുതാത്തവര്‍ക്ക് കുടപിടിക്കാനല്ല'.
കോഴിക്കോട്: വനിതാ കമീഷന്‍ അധ്യക്ഷയെന്ന നിലയില്‍ എംസി ജോസഫൈന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് എകെജി സെന്ററല്ലെന്ന് ഓര്‍മിക്കുന്നത് നന്നെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റെ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. സിപിഎം കോടതിയും പോലിസുമാണെന്ന എംസി ജോസഫൈന്റെ പരാമര്‍ശം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജബീന പറഞ്ഞു.
ഉത്തരവാദിത്തം മറന്ന് പാര്‍ട്ടിക്ക് പാദസേവ ചെയ്യുകയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ. പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിച്ച് വനിതാ കമ്മീഷനെ തീറ്റിപ്പോറ്റുന്നത് പാര്‍ട്ടിയിലെ കൊള്ളരുതാത്തവര്‍ക്ക് കുടപിടിക്കാനല്ല. സ്ത്രീകള്‍ അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ വിവേചനവുമില്ലാതെ ഇടപെടുകയും ഇരകളുടെ കൂടെ നില്‍ക്കുകയും നീതി വാങ്ങിക്കൊടുക്കുകയുമാണ് വനിതാ കമീഷന്റെ ദൗത്യം. അതുമറന്ന് പെരുമാറുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീത്വത്തിനു തന്നെ അപമാനമാണ്. എംസി ജോസഫൈന്‍ രാജിവച്ച് പുറത്തു പോവണമെന്നും ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.