യുപിയിലെ ബലാല്‍സംഗക്കൊല: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് 'പ്രതിഷേധപ്പെണ്‍ജ്വാല' സംഘടിപ്പിച്ചു
ഉത്തര്‍പ്രദേശില്‍ ദലിത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സംഗം ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സര്‍ക്കാറിന്റെ വംശീയ ഉന്മൂലനസിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികള്‍ക്ക് പ്രോല്‍സാഹനമാകുന്നു. ക്രൂരമായായി പീഡിപ്പിക്കപ്പെട്ട് നാക്കരിയപ്പെട്ടനിലയില്‍ കണ്ടെത്തിയ ഹഥ്രസിലെ ഇരുപതുകാരിയാണ് മരണവുമായി രണ്ടാഴ്ചയോളം മല്ലടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകളുടെ വ്യത്യാസത്തില്‍, സമാന രീതിയില്‍ ദലിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് ഉത്ത പ്രദേശില്‍ തുടര്‍ക്കഥയാവുകയാണ്. ബല്‍റാംപൂരില്‍ ക്രൂരപീഡനം നടത്തി നട്ടെല്ലും ഇടുപ്പെല്ലുകളും തകര്‍ത്ത് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കിരാതസംഭവും അരങ്ങേറിയത് ഇതിനു ശേഷമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ പോലും
തയ്യാറാകാതിരുന്ന കേസില്‍ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പ്രതികള്‍ അറസ്റ്റുചെയ്യപ്പെടുന്നത്. മാതാപിതാക്കളെപ്പോലും കാണാന്‍ അനുവദിക്കാതെ മൃതദേഹം പിടിച്ചുപറിച്ച് കത്തിച്ചുകളഞ്ഞ പോലിസ് നടപടി അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവുമാണ്. ഭരിക്കുവാനുള്ള യോഗ്യത ബിജെപിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞെന്നും പ്രതിഷേധപ്രസ്താവനയില്‍ അവര്‍ വിലയിരുത്തി.
ബലാല്‍സംഗത്തെ ആയുധമാക്കി ജാതിക്കൊലകള്‍ തുടരുന്നത് കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ്. മോദിയോഗി കൂട്ടുകെട്ടിലെ ദലിത് സ്ത്രീയവസ്ഥകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൊലിയുന്ന ഓരോ ജീവനും സംഘ്പരിവാര്‍ സര്‍ക്കാരിനെതിരെ നില്‍ക്കുന്ന ചോദ്യങ്ങളും കുറ്റപത്രങ്ങളുമാണ്. ഭരണകൂടത്തിനുനേരെ വിരല്‍ ചൂണ്ടാതെ സ്ത്രീക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല. രാജ്യം മുഴുവന്‍ പ്രതിഷേധങ്ങളുയരണം അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രായഭേദമന്യേ വിവിധ ജില്ലകളില്‍നിന്നുള്ള നിരവധി സ്ത്രീകള്‍ പ്രതിഷേധപ്പെണ്‍ജ്വാലയില്‍ പങ്കുകൊണ്ടു.