'സ്ത്രീ സുരക്ഷ കേരള മോഡല്‍ വിചാരണ ചെയ്യുന്നു'; വിമന്‍ ജസ്റ്റിസ് സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
സ്ത്രീക്ക് സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍തന്നെ ബലാല്‍സംഗങ്ങളും പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം: 'സ്ത്രീ സുരക്ഷ കേരള മോഡല്‍ വിചാരണ ചെയ്യുന്നു' എന്ന മുദ്രാവാക്യത്തില്‍ വിമന്‍ ജസ്റ്റിസ് നാളെ രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന എക്‌സിക്യൂട്ടീവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ത്രീക്ക് സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍തന്നെ ബലാല്‍സംഗങ്ങളും പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന സുരക്ഷാ ഭീഷണിക്കും പീഡനവര്‍ധനവിനും കാരണം ഇരകള്‍ക്ക് നീതി നിഷേധിക്കുകയും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയും ചെയ്യുന്ന അധികാരസംവിധാനങ്ങളാണെന്ന് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചു. ക്ലാസ് മുറി മുതല്‍ ആംബുലന്‍സ് വരെയുള്ള അടിസ്ഥാന പൊതു ഇടങ്ങളില്‍പോലും ബലാല്‍സംഗം നടക്കുകയാണ്.
കൊവിഡിന്റെ സന്ദര്‍ഭങ്ങളെപ്പോലും പീഡനത്തിനുള്ള അനുകൂലസാഹചര്യമാക്കുന്നതാണ് കാണുന്നത്. ഇതിനെതിരേ ശക്തമായ പ്രതിരോധം വിമന്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തുമെന്നും പെണ്‍കുരുന്നുകളുടെ രോദനങ്ങളെ കേള്‍ക്കാതിരിക്കുന്ന അധികാരികളെയാണ് വിചാരണ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ധര്‍ണ ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും.
ഗോമതി (പെമ്പിളൈ ഒരുമെ), മാഗ്‌ളിന്‍ ഫിലോമിന (തീരദേശ വനിതാഫെഡറേഷന്‍ പ്രസിഡന്റ്), നജ്ദ റൈഹാന്‍ (ഫ്രട്ടേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി), ഡോ.ആരിഫ (മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഉഷാകുമാരി (വിമന്‍ ജസ്റ്റിസ് വൈസ് പ്രസിഡന്റ്), വിമന്‍ ജസ്റ്റിസ് സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, എന്‍ എം അന്‍സാരി (വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), രഞ്ജിത ജയരാജ് (വിമന്‍ ജസ്റ്റിസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്), ലക്ഷ്മി (മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്), ബിനു ഷറീന (വനിതാ ലീഗ് ജനറല്‍ സെക്രട്ടറി, തിരുവനന്തപുരം), സുമയ്യ റഹിം (വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്, തിരുവനന്തപുരം) തുടങ്ങിയവര്‍ പങ്കെടുക്കും.