അന്താരാഷ്ട്ര വനിതാ ദിനാചരണം: എന്‍ഡബ്ല്യുഎഫ് സംസ്ഥാനതല പരിപാടി 8ന് കോട്ടക്കലില്‍
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടതും സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ അവര്‍ സ്വായത്തമാക്കേണ്ടതും അനിവാര്യമാണെന്ന് എന്‍ഡബ്ല്യുഎഫ് കരുതുന്നു
മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 'വേണ്ട, നമുക്കിനി ഇരകള്‍, വീഴരുത് ഇനിയിവിടെ കണ്ണുനീര്‍' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതല പരിപാടി മാര്‍ച്ച് 8നു വൈകീട്ട് 3നു കോട്ടക്കല്‍ വ്യാപാരഭവനില്‍ നടക്കുമെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നുവരുമ്പോള്‍ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിലെല്ലാം സ്ത്രീസമൂഹം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇന്നും അപകടകരമായ നില തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ പ്രകാരം സ്ത്രീസുരക്ഷ ഏറ്റവും അപകടകരമായ രാജ്യമാണ് ഇന്ത്യ. നാഷനല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം ലൈംഗിക പീഡനങ്ങളും ബലാല്‍സംഗങ്ങളും ഉള്‍പ്പെടെ 58,000 കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2012ല്‍ അത് 33,000 ആയിരുന്നു. 4 വര്‍ഷം കൊണ്ട് 25,000 കേസുകളാണ് വര്‍ധിച്ചത്. ഇത്തരം സാഹചര്യത്തില്‍ മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടതും സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ അവര്‍ സ്വായത്തമാക്കേണ്ടതും അനിവാര്യമാണെന്ന് എന്‍ഡബ്ല്യുഎഫ് കരുതുന്നുവെന്നും ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡബ്ല്യുഎഫ് സംസ്ഥാന സമിതിയംഗം കെ ഷരീഫ, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എം സൗദ, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സി കെ ഹസീന സംബന്ധിച്ചു.