ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച നടപടിക്കെതിരേ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് രന്‍ദീപ് സിങ് സര്‍ജെവാലെയാണ് ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര നടപടിക്കെതിരേ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍കാരുടെയും സൈനികരുടെയും ക്ഷാമബത്തയാണ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്.
പ്രതിസന്ധിയില്‍ പോകുന്നവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സര്‍ജെവാലെ കുറ്റപ്പെടുത്തി.
''ഒരു മാസം മുമ്പ് മാര്‍ച്ച് 23ന് മോദി സര്‍ക്കാര്‍ 30,42,000 കോടിയുടെ കേന്ദ്ര ബജറ്റ് പാസ്സാക്കി. സ്വാഭാവികമായും വരവ്‌ചെലവ് കണക്കുകള്‍ അതില്‍ നല്‍കിയിരുന്നു. അത് കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പട്ടാളക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വെട്ടിക്കുറയ്ക്കുക വഴി സര്‍ക്കാര്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്?'' അദ്ദേഹം ചോദിച്ചു.
ക്ഷാമബത്ത വെട്ടിച്ചുരുക്കിയതുവഴി കേന്ദ്രം 113 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ 37,530 കോടി രൂപയാണ് തട്ടിയെടുക്കുന്നത്. ക്ഷാമബത്ത വെട്ടിച്ചുരുക്കുന്നതിനു പകരം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആര്‍ഭാടച്ചെലവുകളാണ് ഇല്ലാതാക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ സ്വപ്ന പദ്ധതികളായ 20,000 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് സമുച്ഛയവും 1,10,000 കോടിയുടെ ബുള്ളറ്റ് ട്രയിന്‍ പദ്ധതിയും ഇതുവരെയും സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.