ഭുവനേശ്വർ: ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സൗജന്യ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് 500 രൂപയായിരിക്കും വാക്സിൻ വിതരണത്തിന് ചെലവ് വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാലസോർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
നേരത്തെ ബിഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മറ്റ് സംസ്ഥാനങ്ങൾ പാകിസ്താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തുകയും ചെയ്തിരുന്നു.
തമിഴ്നാട്, മധ്യപ്രദേശ്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി നലകുമെന്ന് അറിയിച്ചിരുന്നു. രാജ്യം മുഴുവൻ വാക്സിൻ സൗജന്യമായി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു.