യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോൾ
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോൾ ഏതാണ്ട് പതിനഞ്ച് ലക്ഷത്തിലധികം അഭയാർത്ഥികളെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് യുഎൻ ആണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
കീവ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം രണ്ടാഴ്ച്ച പിന്നിട്ടിരിക്കുന്നു, ആക്രമണം ശക്തമാക്കി റഷ്യയും പ്രതിരോധിച്ച് യുക്രെയ്നും. റഷ്യയുടെ വ്യോമ, ഷെല്ലാക്രമണങ്ങള്‍ രൂക്ഷമായതോടെ ബങ്കറുകളിലും മറ്റിടങ്ങളിലുമായി അഭയം പ്രാപിച്ച ലക്ഷക്കണക്കിന് സാധരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോൾ ഏതാണ്ട് പതിനഞ്ച് ലക്ഷത്തിലധികം അഭയാർത്ഥികളെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് യുഎൻ ആണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. യുഎന്നിന്‍റെ കുടിയേറ്റകാര്യ ഏജന്‍സിയായ ഐഒഎംആണ് അഭയാര്‍ഥികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളുടെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഒഎം രാജ്യത്ത് നിന്ന് പലായനം ചെയ്തവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം റഷ്യ കുട്ടികളുടെ ആശുപത്രി ആക്രമിച്ചതായി മരിയുപോള്‍ നഗരത്തിലെ അധികൃതര്‍ അറിയിച്ചിരുന്നു. 17 മരണം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായ വിവരം. സുമി, ട്രോസ്റ്റ്യനെറ്റ്സ്, ക്രാസ്നോപില്ല്യ, ഇർപെൻ, ബുച്ച, ഹോസ്‌റ്റോമെൽ, ഇസിയം എന്നീ നഗരങ്ങളില്‍ നിന്നായി 40,000 സാധാരണക്കാരെ രക്ഷപ്പെടുത്താനായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അറിയിച്ചു. എന്നാല്‍ മരിയുപോളില്‍ നിന്ന് ഒരാള്‍ക്ക് പോലും പുറത്തുകടക്കാനായില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നയാളുകള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ ആക്രമണം മൂലം പരാജയപ്പെട്ടെന്നും സെലെന്‍സ്കി ആരോപിച്ചു. മാനുഷിക ഇടനാഴികളിലും റഷ്യയുടെ ആക്രമണം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിയുപോള്‍, കീവ്, സുമി, ഹാര്‍കീവ്, ചേര്‍ണീവ് എന്നീ നഗരങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിനായി വെള്ളിയാഴ്ച വെടനിര്‍ത്തലുണ്ടാകുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അധിനിവേശത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ റഷ്യ ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ ആക്രമണം ആയിരത്തിലധികം പേരുടെ മരണത്തിനും 15 ലക്ഷത്തിലധികം പേരുടെ പലായനത്തിനും കാരണമായി. പല നഗരങ്ങളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പലായനം രൂക്ഷമായത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് മുക്താമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളവിടുന്നതിലും റഷ്യന്‍ അധിനിവേശം കാരണമായി.