കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴുകുട്ടികള്‍ക്ക് ദാരുണാന്ത്യം
കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ പ്രഷ്യസ് ടാലന്റ് അക്കാദമിയിലെ ക്ലാസ് മുറിയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് സര്‍ക്കാര്‍ റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു.
നയ്‌റോബി: കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴുകുട്ടികള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ 57 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കെനിയ റെഡ്‌ക്രോസ് വക്താവ് പീറ്റര്‍ അബാവോ ട്വിറ്ററില്‍ അറിയിച്ചു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ പ്രഷ്യസ് ടാലന്റ് അക്കാദമിയിലെ ക്ലാസ് മുറിയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് സര്‍ക്കാര്‍ റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധനയും നടക്കുന്നുണ്ട്. റെഡ്‌ക്രോസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണത്തെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണെന്നും കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങള്‍ അപകടത്തിലാണെന്നും റെഡ്‌ക്രോസ് വക്താവ് അറിയിച്ചു. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനായി സ്‌കൂളില്‍ പ്രത്യേക സംവിധാനമൊരുക്കിയതായി റെഡ്‌ക്രോസ് അറിയിച്ചു.