സ്‌കൂള്‍ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഏറനാട് നിയോജക മണ്ഡലം എംഎല്‍എ പി കെ ബഷീര്‍ ഫലകം അനാച്ഛാദനം ചെയ്യും.

Update: 2021-09-12 16:48 GMT

അരീക്കോട്: കിഴുപറമ്പ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടസമുച്ചയം ചൊവ്വാഴ്ച വൈകീട്ട് 3:30ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം പൊതു പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനും സമൂഹത്തിലെ ഗ്രാമീണരും സാധാരണക്കാരുമായ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ഉതകുന്നതാണ്. പുതിയ കെട്ടിടത്തില്‍ 15 ക്ലാസ് മുറികളും രണ്ട് ലാബുകളും ഒരു ഡൈനിങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും.

സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഏറനാട് നിയോജക മണ്ഡലം എംഎല്‍എ പി കെ ബഷീര്‍ ഫലകം അനാച്ഛാദനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റൈഹാന കുറുവാടന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News