പ്രവാചകനിന്ദ: പാകിസ്താനില്‍ നിന്ന് ആസിയ ബീബി കാനഡയിലെത്തി

Update: 2019-05-08 10:02 GMT

ഇസ്‌ലാബാദ്: പ്രവാചകനിന്ദാ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയുമായ പാകിസ്താനിലെ ക്രിസ്ത്യന്‍ വനിത ആസിയാ ബീബി കാനഡയില്‍ എത്തി. അവരുടെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക് കോടതി മോചിപ്പിച്ച് ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ കാനഡയില്‍ എത്തിയത്. ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, പാക് വിദേശ കാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്ന് റോയിറ്റേഴ്‌സ് വ്യക്തമാക്കി. അതേസമയം, ആസിയയുടെ മൂന്ന് പെണ്‍മക്കളും പാകിസ്താനിലുണ്ട്. ആസിയ ബീബിയുടെ പ്രദേശത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് ആസിയ ബീബിയ്ക്ക് വധശിക്ഷ വിധിച്ചത്. വെള്ളം ശേഖരിക്കുന്നതിനിടെ ആസിയ ബീബിയും പ്രദേശത്തെ മുസ്‌ലിം സ്ത്രീകളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ആസിയ പ്രവാചകനെ നിന്ദിക്കുകയും ചെയ്തുവെന്നാണ് മറുപക്ഷം ആരോപിച്ചത്.

Similar News