ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനയ്ക്ക് ഉദ്ദേശമില്ല: പ്രസിഡന്റ് ഷി ജിന്‍ പിങ്
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമാര്‍ഗത്തിലൂടെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടത്. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷീ ജിന്‍ പിങ് ആവശ്യപ്പെട്ടു.
ബെയ്ജിങ്: ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 75ാമത് സമ്മേളനത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീനമേഖലകളോ തേടില്ല.
കിഴക്കന്‍ ലഡാക്കില്‍ ചൈനീസ്- ഇന്ത്യന്‍ സൈന്യങ്ങള്‍ തമ്മില്‍ നാലുമാസത്തിലേറെയായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. വാതിലുകള്‍ അടച്ചിട്ടുകൊണ്ട് രാജ്യത്ത് വികസനമുണ്ടാവില്ല. ആഭ്യന്തരവും അന്തര്‍ദേശീയവുമായ ബന്ധം പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു പുതിയ വികസന മാതൃകയെ വളര്‍ത്തിയെടുക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് ചൈനയുടെ സാമ്പത്തിക വികസനത്തിന് കൂടുതല്‍ ഇടം സൃഷ്ടിക്കുകയും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനും വളര്‍ച്ചയ്ക്കും പ്രചോദനം നല്‍കുകയും ചെയ്യും.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതിനും അദ്ദേഹം മറുപടി നല്‍കി. വൈറസിനെ ഒന്നിച്ചുനേരിടുകയാണ് വേണ്ടത്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമാര്‍ഗത്തിലൂടെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടത്. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷീ ജിന്‍ പിങ് ആവശ്യപ്പെട്ടു. ലോകത്ത് വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള കാരണം ചൈനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. വൈറസ് നിയന്ത്രിക്കുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും അതുമൂലം ലോകത്ത് വ്യാപനത്തിന് കാരണമായെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം.