കൊവിഡ് വാക്‌സിൻ ആളുകളെ മുതലകളാക്കി മാറ്റിയേക്കും; ബ്രസീൽ പ്രസിഡന്റ്
സ്ത്രീകൾക്ക് താടി മുളക്കാൻ തുടങ്ങിയാലോ, പുരുഷന്മാർ സ്ത്രീ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയാലോ, ഫൈസറിന് ഒന്നും ചെയ്യാനുണ്ടാകില്ല
ബ്രസീലിയ: കൊവിഡ് വാക്‌സിൻ ആളുകളെ മുതലകളാക്കി മാറ്റിയേക്കുമെന്ന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോ. വാക്‌സിൻ നിർമാതാക്കളായ ഫൈസർ-ബയേൺടെക്കിനെതിരെയാണ് ബ്രസീൽ പ്രസിഡന്റിന്റെ വിവാദ പരാമർശം. ഫൈസറിന്റെ കരാറിൽ, പാർശ്വഫലങ്ങൾക്ക് അവർ ഉത്തരവാദികല്ലായെന്ന് കൃത്യമായി പറയുന്നുണ്ട്. നിങ്ങൾ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്ന് ബോൾസനാരോ പറഞ്ഞു.
വാക്‌സിനുകൾ നിങ്ങളെ ഒരു അമാനുഷികനാക്കി മാറ്റിയാലോ, സ്ത്രീകൾക്ക് താടി മുളക്കാൻ തുടങ്ങിയാലോ, പുരുഷന്മാർ സ്ത്രീ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയാലോ, ഫൈസറിന് ഒന്നും ചെയ്യാനുണ്ടാകില്ലെന്നും ബോൾസനാരോ പറഞ്ഞു. താൻ വാക്‌സിനെടുക്കില്ലെന്നും അത് തന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല കൊവിഡിനെ കുറിച്ച് ബോൾസനാരോ വിവാദ പരാമർശങ്ങൾ നടത്തുന്നത്. കൊവിഡ് ചെറിയൊരു പനി മാത്രമാണെന്നും, ബ്രസീലിയൻ ജനതയുടെ പ്രതിരോധ ശേഷി അതിനെ തടയുമെന്നും ബോൾസനാരോ പറഞ്ഞിരുന്നു. വാക്‌സിൻ സൗജന്യമാണെങ്കിലും ആരും അത് എടുക്കാൻ നിർബന്ധിതരായില്ലെന്നും ബോൾസൊനാരോ കൂട്ടിച്ചേർത്തു. എന്നാൽ ആരെയും നിർബന്ധിക്കില്ലെങ്കിലും വാക്‌സിനെടുക്കുന്നത് ഒരോരുത്തരുടെയും കർത്തവ്യമാണെന്നാണ് ബ്രസീലിയൻ സുപ്രിംകോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.
ലോകത്ത് കൊവിഡ് ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഏഴ് മില്ല്യണിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒന്നര ലക്ഷത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച്ച മുതൽ ഫൈസർ- ബയേൺടെക് വാക്‌സിനുകൾ പരീക്ഷണാർത്ഥം ബ്രസീലിൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.