കാപ്പിറ്റോള്‍ കലാപം: ട്രംപിനെ ഇംപീച്ച് ചെയ്ത് അമേരിക്കന്‍ ജനപ്രതിനിധി സഭ

197നെതിരേ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 10 നേതാക്കളും ഇംപീച്ച്‌മെന്റിനെ പിന്തുണച്ചു.

Update: 2021-01-14 01:09 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ജനപ്രതിനിധി വീണ്ടും ഇംപീച്ച് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. ഇതോടെ അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് മാറി. 197നെതിരേ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 10 നേതാക്കളും ഇംപീച്ച്‌മെന്റിനെ പിന്തുണച്ചു.

ജനപ്രതിനിധി സഭയില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇംപീച്ച്‌മെന്റ് നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് അദ്ദേഹം. ബൈഡനെതിരേ അന്വേഷണം നടത്താന്‍ ഉക്രെയിനുമേല്‍ സമ്മര്‍ദം ചെലുത്തിയ ട്രംപിനെ അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. 2019ല്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ സെനറ്റിന്റെ പരിഗണനയ്ക്കുവരും. സെനറ്റില്‍ കുറ്റവിചാരണയ്ക്കുശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കപ്പെട്ടാലേ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാവുക. 

ട്രംപിന് 20ന് ഉച്ചവരെയാണ് കാലാവധി ശേഷിക്കുന്നത്. അതിനുള്ളില്‍ സെനറ്റിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവില്ല. അതിനാല്‍, ട്രംപ് പുറത്താക്കപ്പെടുകയില്ല. കാപ്പിറ്റോള്‍ കലാപത്തിനു പ്രേരണ നല്‍കിയ ട്രംപിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയേ പറ്റൂ എന്നാണു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട്. ഇതിന്റെ ആദ്യപടിയായിട്ടാണ് വൈസ് പ്രസിഡന്റ് പെന്‍സിനോട് 25ാം ഭേദഗതി പ്രയോഗിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാവ് ലിസ് ചെയ്‌നി അടക്കമുള്ളവരും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അഞ്ചുപേരുടെ മരണത്തില്‍ കലാശിച്ച കലാപത്തിനു തിരികൊളുത്തിയത് ട്രംപിന്റെ പ്രസംഗംതന്നെയാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെയ്‌നിയുടെ മകള്‍കൂടിയായ ലിസ് ചൂണ്ടിക്കാട്ടി. അതേസമയം, വര്‍ഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ ഭാഗമാണ് ഇംപീച്ച്‌മെന്റ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവവികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം.

Tags:    

Similar News