തുര്‍ക്കി -സൗദി ബന്ധത്തില്‍ മഞ്ഞുരുക്കം; ഉര്‍ദുഗാന്‍ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയത്.
റിയാദ്: വര്‍ഷങ്ങള്‍ നീണ്ട ശത്രുത അവസാനിപ്പിച്ച് തുര്‍ക്കിയും സൗദി അറേബ്യയും വീണ്ടും ഒന്നിക്കുന്നു. 2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ചെങ്കടല്‍ നഗരമായ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി തുര്‍ക്കി പ്രസിഡന്‍സി വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
പിന്നീട് കിരീടാവകാശി ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതായി അങ്കാറയുടെ കമ്മ്യൂണിക്കേഷന്‍ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 26 പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ വിചാരണ സൗദി അറേബ്യക്ക് കൈമാറാന്‍ തീരുമാനിച്ചുകൊണ്ട് ഈ മാസം ആദ്യം ബന്ധം നന്നാക്കാനുള്ള സൗദിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് തുര്‍ക്കി നിറവേറ്റിയിരുന്നു.
ഖഷഗ്ജിയുടെ വധത്തില്‍ സൗദി ഗവണ്‍മെന്റിന്റെ 'ഉയര്‍ന്ന തലങ്ങള്‍'ക്ക് പങ്കുണ്ടെന്ന് നേരത്തേ ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
വാഷിങ്ടണ്‍ പോസ്റ്റിലെയും മിഡില്‍ ഈസ്റ്റ് ഐയിലെയും കോളമിസ്റ്റായ ഖഷഗ്ജിയെ
കൊല്ലുന്നതിനോ പിടികൂടുന്നതിനോ ഉള്ള ഓപ്പറേഷന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയതായി ഒരു വര്‍ഷം മുമ്പ് പുറത്തുവിട്ട യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സൗദി സര്‍ക്കാര്‍ കിരീടാവകാശിയുടെ പങ്ക് നിഷേധിക്കുകയും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം ആങ്കറ-റിയാദ് ബന്ധം ഗണ്യമായി വഷളായി. ഇതിനെ തുടര്‍ന്ന് തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ സൗദി അറേബ്യയില്‍ ആഹ്വാനമുണ്ടായിരുന്നു.
'സഹോദരബന്ധങ്ങള്‍ ദൃഢമാക്കുക'
ജിദ്ദയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എര്‍ദോഗന്‍, ബന്ധം മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പൊതു ഇച്ഛാശക്തിയുടെ പ്രകടനമാണ് വ്യാഴാഴ്ചത്തെ സന്ദര്‍ശനമെന്ന് വ്യക്തമാക്കിയിരുന്നു.ആരോഗ്യം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, പ്രതിരോധ വ്യവസായം, ധനകാര്യം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് പരസ്പര പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'പൊതുവായ പരിശ്രമത്തിലൂടെ, ഞങ്ങളുടെ ബന്ധങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനും അപ്പുറത്തേക്ക് കൊണ്ടുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു.