ബന്ദികളെ ജീവനോടെയോ അതോ മൃതദേഹമായോ സ്വീകരിക്കേണ്ടതെന്ന് കുടുംബങ്ങള്‍ തീരുമാനിക്കണം: ഹമാസ്

Update: 2024-09-03 07:17 GMT

ഗസ: കസ്റ്റഡിയിലുള്ള ബന്ദികളെ ജീവനോടെയോ അതോ മൃതദേഹമായോ സ്വീകരിക്കേണ്ടത് എന്ന കാര്യം അവരുടെ കുടുംബങ്ങള്‍ തീരുമാനിക്കണമെന്ന് ഹമാസ്. ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പൗരന്മാരായ ആറ് ബന്ദികള്‍ ഹമാസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിനെ വെല്ലുവിളിച്ച് നെതന്യാഹു രംഗത്ത് എത്തിയിരുന്നു. ഇതിനെതിരേയാണ് ഹമാസിന്റെ മറുപടി. ഇനിയും ഗസയില്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസിന്റെ പക്കലുള്ള നൂറോളം ബന്ദികള്‍ ശവപ്പെട്ടികളിലായിരിക്കും ഇസ്രായേലിലേക്ക് മടങ്ങുക എന്നാണ് പ്രസ്താവനയില്‍ ഹമാസ് അറിയിച്ചത്.

ഹമാസിന്റെ തടവിലുള്ള നൂറോളം തടവുകാരെ ജീവനോടെ തിരിച്ചെത്തിക്കാനായി ഇസ്രായേല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. 'ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് പകരം സൈനിക സമ്മര്‍ദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പിടിവാശി ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് ശവപ്പെട്ടിയില്‍ കൊണ്ടുപോവാന്‍ മാത്രമാണ് സഹായകമാവുക. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബന്ദികളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനും സൈന്യത്തിനുമാണ്. കാരണം അവരാണ് തടവുകാരുടെ കൈമാറ്റക്കരാര്‍ മുടക്കിയത്-പ്രസ്താവനയില്‍ അബൂ ഉബൈദ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറ് ബന്ദികളുടെ മരണത്തിന് ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അവരെ ജീവനോടെ തിരികെ രാജ്യത്ത് എത്തിക്കാന്‍ സാധിക്കാത്തതില്‍ ജനങ്ങളോട് ക്ഷമ ചോദിച്ച നെതന്യാഹു ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണമെന്ന ഹമാസിന്റെ നിര്‍ദേശം നിരാകരിക്കുകയും ചെയ്തു.

Tags:    

Similar News