ഗസയില്‍ വെടിനിര്‍ത്തല്‍ നാല് ദിവസം; ഹമാസും ഇസ്രായേലും തമ്മിലുള്ള ധാരണയുടെ വിശദാംശങ്ങള്‍

Update: 2023-11-22 06:26 GMT

ഗസ: ഗസയില്‍ ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ്. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേല്‍ വെടിനിര്‍ത്തലിന് അനുമതി നല്‍കിയത്. തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഖത്തറില്‍ ഉണ്ടാവുമെന്നാണ് സൂചന. അടുത്ത 24 മണിക്കൂറിനകം നിലവില്‍ വരുന്ന വെടിനിര്‍ത്തല്‍ ധാരണയിലെ വിശദാംശങ്ങള്‍ ഇവയാണ്.

ഗസ മുനമ്പില്‍ 4 ദിവസത്തേക്ക് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ പാലിക്കും. മുനമ്പില്‍ എല്ലായിടത്തും അധിനിവേശ സൈന്യം നടത്തുന്ന എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണം. ഇക്കാലയളവില്‍ മുനമ്പില്‍ ഒരിടത്തും അധിനിവേശം ആരെയും ലക്ഷ്യമിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല. മുനമ്പില്‍ വടക്ക് നിന്ന് തെക്കോട്ട് സ്വലാഹുദ്ദീന്‍ സ്ട്രീറ്റിലൂടെ ആളുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കും. വെടിനിര്‍ത്തല്‍ ദിവസങ്ങളില്‍ തെക്ക് ഭാഗത്ത് പൂര്‍ണമായും വടക്ക് ഭാഗത്ത് ദിവസം 6 മണിക്കൂറും വ്യോമസഞ്ചാരം നിര്‍ത്തുക.

അധിനിവേശ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ ജനതയില്‍ നിന്ന് 150 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി പോരാളികള്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.ഗസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും മാനുഷിക, ദുരിതാശ്വാസ, വൈദ്യ, ഇന്ധന സഹായങ്ങള്‍ എത്തിക്കുവാന്‍ നൂറുകണക്കിന് ട്രക്കുകള്‍ പ്രവേശിക്കും.ഗസ മുനമ്പിലേക്ക് അധിനിവേശ സൈനിക വാഹനങ്ങളുടെ നീക്കം പൂര്‍ണമായും നിര്‍ത്തണം.ഗസയ്ക്ക് വേണ്ടി ഖത്തറും ഇസ്രായേലിന് വേണ്ടി ഈജിപ്തുമാണ് ധാരണക്ക് വേണ്ടി രംഗത്തിറങ്ങിയത്. ഈ വെടിനിര്‍ത്തലില്‍ പുതുക്കലോ നീട്ടലോ സാധ്യമാണ്.

ഈ കരാര്‍ ഞങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയുണ്ടാവുമെന്ന് ഹമാസ് വ്യക്തമാക്കി. ഞങ്ങളുടെ പോരാളി ബറ്റാലിയനുകള്‍ ഞങ്ങളുടെ ജനതയെ പ്രതിരോധിക്കാന്‍ സുസജ്ജമായിരിക്കും.പോരാട്ടഭൂമിയില്‍ സജീവമായി നിലനിന്നുകൊണ്ടാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ഉദാസീനത കാണിച്ച ഈ വെടിനിര്‍ത്തല്‍ ധാരണയില്‍ ചെറുത്തുനില്‍പ് ചര്‍ച്ചകള്‍ നടത്തിയത്.അധിനിവേശ ആക്രമണങ്ങളെ സുധീരം ഉറച്ചുനിന്നു നേരിടുന്ന നമ്മുടെ ജനതയെ സേവിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നത് ഉറപ്പാക്കുന്നതുമായ ചെറുത്തുനില്‍പ് കാഴ്ചപ്പാടിന് അനുസൃതമായാണ് കരാറിന്റെ നിബന്ധനകള്‍ ഞങ്ങള്‍ രൂപപ്പെടുത്തിയതെന്നും ഹമാസ് അറിയിച്ചു.




Tags:    

Similar News