ബെയ്ത് ലാഹിയ പട്ടണത്തില്‍ ഇസ്രായേലിന്റെ രൂക്ഷ വ്യോമാക്രമണം; 45 മരണം

Update: 2024-10-27 05:02 GMT

ജെറുസലേം: ബെയ്ത് ലാഹിയ പട്ടണത്തില്‍ ഇസ്രായേലിന്റെ രൂക്ഷ വ്യോമാക്രമണം തുടരുന്നു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വടക്കന്‍ ഗസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാസയോഗ്യമായ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ആറോളം വലിയ കെട്ടിടങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. മരണസംഖ്യ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ബെയ്ത് ലാഹിയ പട്ടണത്തില്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗസയിലെ പ്രധാന നഗരങ്ങളായ ജബാലിയ, ബെയ്ത് ഹനൗണ്‍, ബെയ്ത് ലാഹിയ പട്ടങ്ങളില്‍ ഒരു മാസത്തോളമായി ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയാണ്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 800ലധികമാളുകള്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗസ മുനമ്പിലെ ബെയ്ത് ലാഹിയ പ്രദേശത്ത് ഹമാസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗസയില്‍ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ തുടരുന്നത്. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം ആശുപത്രി ആക്രമിച്ചതായി ഗസ മന്ത്രാലയം അറിയിച്ചു.

അതേസമയം, വടക്കന്‍ ഗസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. വെള്ളിയാഴ്ച ആശുപത്രിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡസന്‍ കണക്കിന് ജീവനക്കാരെയും ചില രോഗികളെയും സൈന്യം തടവിലാക്കിയതായി ഫലസ്തീന്‍ എന്‍ക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.






Similar News