ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു

1947ല്‍ പുറത്തിറങ്ങിയ കാര്‍നേഗി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ലീച്ച്മാന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി.

Update: 2021-01-28 07:01 GMT

ലോസ് ആഞ്ചലസ്: ഏഴുപതിറ്റാണ്ടായി ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടിയും ഓസ്‌കാര്‍ ജേതാവുമായ ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. കാലഫോര്‍ണയയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. 1947ല്‍ പുറത്തിറങ്ങിയ കാര്‍നേഗി ഹാള്‍ എന്ന ചിത്രത്തിലൂടെയാണ് ലീച്ച്മാന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, എക്‌സ്‌പെക്ടിങ് മേരി, യു എഗൈന്‍, ദ വിമണ്‍, എ സ്‌റ്റോറി ഫോര്‍ സണ്‍ഡേ ഈവനിങ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

1950 ലെ എ സ്‌റ്റോറി ഫോര്‍ സണ്‍ഡേ ഈവനിങ' എന്ന ചിത്രത്തിലെ അഭിനയമാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. നിരവധി ടിവി ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു. 1926 ഏപ്രില്‍ 20ന് അമേരിക്കയിലുള്ള അയോവയിലെ ഡെസ് മൊയ്‌നിലാണ് ജനനം. 15 വയസ് മുതല്‍ പ്രാദേശിക റേഡിയോയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഗാമ ഫൈ ബീറ്റയിലെത്തി. 1946ല്‍ മിസ് അമേരിക്ക മല്‍സരത്തിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. 1953ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ് എംഗ്ലണ്ടിനെ ലീച്ച്മാനെ വിവാഹം കഴിച്ചു.

1979ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്. 1986 ല്‍ ഒരു മകന്‍ അമിതമായി ഗുളിക കഴിച്ച് മരണപ്പെട്ടിട്ടുണ്ട്. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കി. എട്ട് പ്രൈം ടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും സ്വന്തമാക്കി. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം. 2019 ലും 2020 ലും നിര്‍മിച്ച ഹൈ ഹോളിഡേ, നോട്ട് ടു ഫോര്‍ഗെറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Tags:    

Similar News