സൗദി അറേബ്യയ്‍ക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

പടിഞ്ഞാറൻ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും മിസൈല്‍ ആക്രമണ ശ്രമമുണ്ടായിരുന്നു

Update: 2021-10-28 18:32 GMT

റിയാദ്: സൗദി അറേബ്യക്ക് നേരെ യെമൻ വിമത സായുധ സംഘമായ ഹൂതികൾ മിസൈൽ അക്രമണം നടത്തി. ദീർഘ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ കൊണ്ടായിരുന്നു ഇത്തവണ ആക്രമണം. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ജിസാൻ പട്ടണത്തിന് നേരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയത്.

എന്നാൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ത്തു. ജിസാൻ പട്ടണത്തിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണ ശ്രമം. എന്നാൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതിന് മുമ്പുതന്നെ അവയെ നേരിട്ട് തകർക്കാൻ കഴിഞ്ഞതുകൊണ്ട് വലിയ നാശനഷ്‍ടങ്ങള്‍ ഒഴിവായി.

പടിഞ്ഞാറൻ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസവും മിസൈല്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതും സഖ്യസേന പരാജയപ്പെടുത്തി. ദക്ഷിണ സൗദിയിലെ തന്നെ നജ്‍റാന്‍ ലക്ഷ്യമിട്ടും കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണമുണ്ടായി. ഹൂതികൾ ഓരോ ദിവസവും സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സൗദി അധികൃതർ കുറ്റപ്പെടുത്തി.

Similar News