ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലില്‍ ?

Update: 2022-04-10 01:17 GMT

ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇമ്രാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ടിരുന്നു. പട്ടാളം രംഗത്തിറങ്ങുന്നതിനു മുമ്പ് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്‌വയെ പുറത്താക്കിയെന്ന അഭ്യൂഹത്തിനിടെ ഇമ്രാനെ പട്ടാളം വീട്ടുതടങ്കലിലാക്കിയെന്നാണ് സൂചന. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ഇമ്രാനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതായും റിപോര്‍ട്ടുകളുണ്ട്. പാകിസ്താനില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുമെന്ന് ഉറപ്പായിട്ടും നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പട്ടാളത്തിന്റെ കാവലിലാണ് പാര്‍ലമെന്റ് അവിശ്വാസ പ്രമേയം പാസാക്കിയത്. അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടത്താതെ നാലുവട്ടം സഭ നിര്‍ത്തിവച്ച സ്പീക്കര്‍ അസദ് ഖയ്‌സറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. സഭാംഗമായ അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നല്‍കി വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഭരണപക്ഷം വിട്ടുനിന്നു.

Tags:    

Similar News