യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു; 33 പേര്‍ക്ക് പരിക്ക്
അതിനിടെ ലെബനനിലെ സബൗദ്, ബെക്കാ വാലി എന്നിവടങ്ങളില്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടു.
അല്‍ഹുദൈദ: പശ്ചിമ യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദയില്‍ തുറമുഖത്തിനും വൈദ്യുതി നിലയത്തിനും നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും 33 പേര്‍ക്ക് പരിക്കേറ്റതായും ഹൂത്തി മീഡിയ അറിയിച്ചു. ഹുദൈദയിലെ റാസ് ഈസ തുറമുഖത്തെ എണ്ണ സംഭരണികള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇസ്രായേലില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് അല്‍ഹുദൈദയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.
യെമനിലെ ആക്രമണം ഇറാനുള്ള സന്ദേശമാണെന്നും ഇറാനിലെവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാന് നല്‍കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ രക്തം പാഴായിപ്പോകില്ലെന്ന് ഹൂത്തി നേതാവ് ശനിയാഴ്ച പറഞ്ഞിരുന്നു. ഹൂത്തികളുടെ ദിവസം വരാനിരിക്കുന്നതായി ഇതിന് മറുപടിയായി ഇസ്രായേല്‍ സൈന്യവും വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്കു മുമ്പും അല്‍ഹുദൈദ തുറമുഖത്തിനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
അതിനിടെ ലെബനനിലെ സബൗദ്, ബെക്കാ വാലി എന്നിവടങ്ങളില്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. സബൗദില്‍ ഒരു കുടുംബത്തിലെ 17 പേരും ബെക്കാ വാലിയില്‍ 21 പേരുമാണ് കൊല്ലപ്പെട്ടത്.