ഗസ: വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അല്‍ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രായേലി സൈന്യം. ഞായറാഴ്ച പുലര്‍ച്ചയാണ് സൈന്യം ഓഫിസില്‍ റെയ്ഡ് നടത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികര്‍ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറുകയായിരുന്നു. അതേസമയം, തീരുമാനത്തിന് പിന്നിലെ കാരണം ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.
ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങള്‍ തത്സമയം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 45 ദിവസത്തേക്ക് അല്‍ ജസീറ അടച്ചിടണമെന്ന് കോടതി ഉത്തരവുണ്ടെന്ന് ഒരു സൈനികന്‍ ഇതില്‍ പറയുന്നത് കാണാം. എല്ലാ കാമറുകളും എടുത്ത് ഓഫിസില്‍നിന്ന് ഇറങ്ങിപ്പോകാനും സൈനികന്‍ ആവശ്യപ്പെടുന്നുണ്ട്.
ഇസ്രായേലി നീക്കത്തെ ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് അപലപിച്ചു. ഫലസ്തീന്‍ ജനതക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തുറന്നുകാണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരായ ഏകപക്ഷീയ സൈനിക നടപടി മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഏറ്റവും പുതിയ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെ നടപടിക്കെതിരെ ഗസ സര്‍ക്കാര്‍ മീഡിയ ഓഫിസും രംഗത്തുവന്നു. ലോകത്തെ മനുഷ്യാവകാശ സംഘടനകളും മാധ്യമ കൂട്ടായ്മകളും ഹീനമായ ഈ കുറ്റകൃത്യത്തെ അപലപിക്കണമെന്ന് മീഡിയ ഓഫിസ് ആവശ്യപ്പെട്ടു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ മെയില്‍ അധിനിവേശ ഇസ്രായേലില്‍നിന്നുള്ള അല്‍ ജസീറയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് കൂടാതെ ഇസ്രായേലി ആക്രമണത്തില്‍ അല്‍ ജസീറയുടേതടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.